കേരളക്കരയ്ക്ക് നന്ദി പറഞ്ഞ് അഹാന കൃഷ്ണ.
നടൻ കൃഷ്ണ കുമാറിനും മകൾ ദിയ കൃഷ്ണയ്ക്കുമെതിരെ രണ്ട് ദിവസം മുൻപാണ് തട്ടിക്കൊണ്ട് പോകൽ ആരോപിച്ച് കേസ് എടുത്തത്. ദിയയുടെ ആഭരണ ഷോപ്പിലെ ജീവനക്കാരാണ് പരാതി നൽകിയത്. കടയിൽ നിന്നും ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തതായി ദിയ പൊലീസിൽ പരാതി കൊടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജീവനക്കാരായ മൂന്ന് യുവതിയുടെ പരാതി വരുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതും. പിന്നാലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കൃഷ്ണ കുമാറിനും കുടുംബത്തിനും എതിരായി സിസിടിവി ദൃശ്യങ്ങളിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതിനിടെ ദിയയും കൃഷ്ണകുമാറും മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്.
ഈ അവസരത്തിൽ അഹാന കൃഷ്ണ പങ്കുവച്ചൊരു പോസ്റ്റ് ഏറെ ശ്രദ്ധനേടുകയാണ്. കേരളത്തിലുള്ള എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടുള്ളതാണ് അഹാനയുടെ പോസ്റ്റ്. കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങൾ ഒരാളുടെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളായി മാറുമായിരുന്നുവെന്നും എന്നാൽ കേരളക്കര നൽകിയ സ്നേഹത്തിൽ ഇരുട്ടൊന്നും അനുഭവപ്പെട്ടില്ലെന്നും അഹാന പറയുന്നു. കേസ് നിയമപരമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നും നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസം ഉണ്ടെന്നും അഹാന കുറിക്കുന്നു.
"എല്ലാ പ്രശ്നങ്ങൾക്കിടയിലും, ഒരു നിമിഷം നിങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ 3,4 ദിവസങ്ങൾ സ്വാഭാവികമായും ഒരാളുടെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിവസങ്ങളായിരുന്നിരിക്കണം.എന്നാൽ നിങ്ങൾ എല്ലാവരും എനിക്കും എൻ്റെ കുടുംബത്തോടും നൽകിയ നിരുപാധികവും നിഷ്പക്ഷവുമായ സ്നേഹം കാരണം ആ ഇരുട്ട് ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല. ഒരുപാട് നന്ദി. നിങ്ങൾ നൽകിയ സ്നേഹത്തിൻ്റെ പ്രകാശം വളരെ തിളക്കമേറിയത് ആയിരുന്നു. ഞങ്ങൾക്ക് സുരക്ഷിതത്വവും സ്നേഹവും സംരക്ഷണവും ഒക്കെ തോന്നി. നന്ദി കേരളമേ. ഞങ്ങൾ നിയമപരമായി തന്നെ മുന്നോട്ട് പോകുകയാണ്. നിയമവ്യവസ്ഥയിലും നീതി ലഭിക്കുമെന്ന കാര്യത്തിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി", എന്നാണ് അഹാന കൃഷ്ണ കുറിച്ചത്.



