അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കവേയാണ് കൃഷ്ണകുമാറും മകൾ ദിയയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തട്ടിക്കൊണ്ടുപോകൽ കേസിൽ നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യ ഹർജി നൽകി. ഇവർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ പരാതിയിൻമേൽ കേസെടുത്തിരിക്കുന്നത്. അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കവേയാണ് കൃഷ്ണകുമാറും മകൾ ദിയയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും.
അതേ സമയം ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങളെന്ന് നടൻ കൃഷ്ണകുമാറും മകൾ ദിയയും ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരിച്ചു. ജീവനക്കാരികൾ പറഞ്ഞത് മുഴുവൻ അവർക്കെതിരെ തിരിഞ്ഞു കുത്തുമെന്നും ഇരവരും വ്യക്തമാക്കി. പണം അപഹരിച്ചവരുടെ ജീവിതസാഹചര്യം വരെ മാറി. കേസുമായി ബന്ധപ്പെട്ട് ആരും രാഷ്ട്രീയം കലർത്തരുതെന്നും കൃഷ്ണകുമാർ പറഞ്ഞു. ചിലരൊക്കെ അതിന് ശ്രമിക്കുന്നുണ്ടെന്നും കൃഷ്ണകുമാർ വിമർശിച്ചു.
നടൻ കൃഷ്ണകുമാറും മകൾ ദിയയും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്ന ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതി ശരിയല്ലെന്ന് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. ജീവനക്കാരികളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നതായി ദൃശ്യങ്ങളിലില്ല. ഒരു ജീവനക്കാരി സ്വന്തം സ്കൂട്ടറിലാണ് കാറിന് പിന്നാലെ പോകുന്നത്. ജീവനക്കാരികൾ പറഞ്ഞതെല്ലാം അവർക്ക് തന്നെ തിരിച്ചടിയാകുകയാണെന്നും കേസിൽ രാഷ്ട്രീയം കലർത്തരുതെന്നും കൃഷ്ണകുമാറും ദിയയും പറഞ്ഞു.
കൃഷ്ണകുമാറും ദിയയും തങ്ങളെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നായിരുന്നു ജീവനക്കാരികളുടെ പരാതി. പക്ഷെ ദിയയുടെ കവടിയാറിലെ ഫ്ലാറ്റിൽ നിന്ന് പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ അങ്ങനെയില്ല. സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ചർച്ച ബഹളത്തിലേക്ക് നീങ്ങിയപ്പോൾ അസോസിയേഷൻ പ്രതിനിധികൾ ഇടപെട്ടിരുന്നു. പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമൊപ്പം മൂന്ന് ജീവനക്കാരികളിൽ രണ്ട് പേർ കാറിൽ കയറുന്നത്. ഈ ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ചുറ്റും കൂടുതൽ സ്ത്രീകളടക്കമുള്ളവർ ഉണ്ട്. ജീവനക്കാരിൽ ഒരാൾ അവരുടെ സ്കൂട്ടറിലാണ് ഈ വാഹനത്തിന് പിന്നാലെ പോകുന്നത് . ഫ്ലാറ്റിൽ നിന്ന് ഇവർ നേരെ പോകുന്നത് അമ്പലമുക്കിലെ കൃഷ്ണകുമാറിന്‍റെ ഓഫീസിലേക്കാണ്. അവിടെ പക്ഷെ സിസിടിവിയില്ല.
തട്ടിക്കൊണ്ട് പോകലിനൊപ്പം പണം തട്ടിയെടുത്തെന്ന പരാതിയിലുമാണ് അന്വേഷണം പുരോഗമിക്കുന്നത്. ജീവനക്കാരികൾ തട്ടിയെടുത്തത് 69 ലക്ഷം രൂപയാണെന്ന കൃഷ്ണകുമാറിൻറെ പരാതി പൊലീസ് അതേ പടി വിശ്വസിച്ചിട്ടില്ല. ദിയയുടെയും ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുകയാണ്. ഇതിന് ശേഷം എല്ലാവരുടേയും മൊഴി എടുത്താകും അന്തിമ നിഗമനത്തിലേക്കെത്തുക.