സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചു: പീഡന പരാതിയുമായി നടി രംഗത്ത്
സംവിധായകൻ ശ്രീകുമാർ മേനോനും തന്നോട് മോശമായി പെരുമാറിയെന്നും താരം ഏഷ്യാനെറ്റ് ന്യൂസിനോട്
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയർ ആർടിസ്റ്റ്. ആലുവയിലെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ രഹസ്യമൊഴി നൽകാൻ തയ്യാറാണെന്നും 2019 ലാണ് സംഭവം ഉണ്ടായതെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമ്മ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിദ്ധിഖിന് പകരം ബാബുരാജിനെ പരിഗണിക്കുന്നതിടയിലാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. വിഷയം നേരത്തെ കൊച്ചി ഡിസിപിയായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്‌പി എസ് ശശിധരനോട് പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു. സംവിധായകൻ ശ്രീകുമാർ മേനോനും മോശമായി പെരുമാറിയെന്നും അവർ പറഞ്ഞു.
നിലവിൽ അമ്മയുടെ ജോയിൻ്റ് സെക്രട്ടറിയാണ് നടൻ ബാബുരാജ്. ഇദ്ദേഹത്തിൻ്റെ ആലുവയിലെ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നാടക പ്രവർത്തക കൂടിയായ നടി സിനിമയിൽ ജൂനിയർ ആർടിസ്റ്റായിരുന്നു. ഒരു സിനിമയിൽ അവസരമുണ്ടെന്നും അണിയറ പ്രവർത്തകരെല്ലാം തന്റെ വീട്ടിലുണ്ടെന്നും പറഞ്ഞ് ബാബുരാജാണ് തന്നെ വീട്ടിലേക്ക് വിളിച്ചതെന്ന് യുവതി പറഞ്ഞു. എന്നാൽ യുവതി വീട്ടിലെത്തിയപ്പോൾ ഇവിടെ ആരും ഉണ്ടായിരുന്നില്ല. ബാബുരാജ് പിന്നീട് ഇവിടെ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി ഇന്ന് പറഞ്ഞത്. സംഭവത്തിൽ രഹസ്യമൊഴി നൽകാനും താൻ തയ്യാറാണെന്ന് അവർ പറഞ്ഞു.
താൻ കൊച്ചി ഡിസിപിയായിരിക്കുമ്പോൾ യുവനടി നേരിട്ട് വന്ന് സംസാരിച്ചിരുന്നുവെന്ന് മലപ്പുറം എസ്.പി എസ് ശശിധരൻ സ്ഥിരീകരിച്ചു. പെൺകുട്ടിയോട് പരാതിപ്പെടാൻ ആവശ്യപെടുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. വ്യക്തിപരമായ അസൗകര്യം പറഞ്ഞ് യുവതി അന്ന് പരാതി നൽകിയില്ല. പിന്നീട് വരാമെന്ന് പറഞ്ഞ് പോയങ്കിലും വന്നതുമില്ലെന്നും എസ്‌പി വ്യക്തമാക്കി.