Asianet News MalayalamAsianet News Malayalam

'ഇത് അനീതിയും ഞെട്ടിക്കുന്നതും'; കോടതിയിൽ സ്വകാര്യത സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഭയപ്പെടുത്തുന്നെന്ന് അതിജീവിത

നിയമ പോരാട്ടം തുടരുമെന്നും അതിജീവിത

actress assault case survivor reaction after fact finding report on memory card illegal examination
Author
First Published Apr 13, 2024, 12:09 PM IST

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ടുവെന്ന ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി അതിജീവിത. ഇത് അനീതിയും ഞെട്ടിക്കുന്നതുമാണെന്നും താനെന്ന വ്യക്തിക്ക് രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള സ്വകാര്യത എന്ന മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും അതിജീവിത പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയാണ് അതിജീവിതയുടെ പ്രതികരണം.

അതിജീവിതയുടെ കുറിപ്പ്

"ഇത് അനീതിയും ഞെട്ടിക്കുന്നതും! എന്‍റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണക്കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി. അത് അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നു!

പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. ഈ കോടതിയില്‍ എന്‍റെ സ്വകാര്യത നിലവില്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്ത് പകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്.

എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ, നീതിക്കായുള്ള എന്‍റെ പോരാട്ടം ഇനിയും തുടരും. ഓരോ ഇന്ത്യന്‍ പൗരന്‍റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്‍റെ യാത്ര തുടരുകതന്നെ ചെയ്യും. സത്യമേവ ജയതേ."

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു  ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെയാണ് കണ്ടെത്തൽ. അതേസമയം, കുറ്റക്കാരെ സംരക്ഷിച്ചുള്ള വസ്തുതാന്വേഷണ റിപ്പോർ‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ALSO READ : 'ജയിലര്‍ 2' എത്തുക ഈ പേരില്‍? പ്രീ പ്രൊഡക്ഷന്‍ ജൂണിലെന്ന് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Follow Us:
Download App:
  • android
  • ios