Asianet News MalayalamAsianet News Malayalam

ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നു, ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം കോടതിയിൽ

പൊലീസ് നൽകിയ ഹർ‍ജി ചൊവ്വാഴ്ചയാണ് കൊച്ചിയിലെ പ്രത്യേക കോടതി പരിഗണിക്കുന്നത്. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ജാമ്യം ലഭിച്ചത്

actress attack case investigation team moves court to cancel actor dileep bail
Author
Kochi, First Published Sep 13, 2020, 10:04 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടാകാട്ടിയാണ് ഹർജി നൽകിയത്. കൊച്ചിയിലെ പ്രത്യേക കോടതി ചൊവ്വാഴ്ച ഹർജി പരിഗണിക്കും.

ദിലീപിനെതിരായ പ്രോസിക്യൂഷൻ  സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയതിന് പിറകെയാണ് നടന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്. ദിലീപും മുഖ്യ പ്രതി സുനിൽ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രൊസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന. കേസിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാൽ ഹർജിയുടെ വിശദാംശങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. 

പൊലീസ് നൽകിയ ഹർ‍ജി ചൊവ്വാഴ്ചയാണ് കൊച്ചിയിലെ പ്രത്യേക കോടതി പരിഗണിക്കുന്നത്. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഈ ഉപാധികൾ നടൻ ലംഘിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആരോപണം. നടിയെ ആക്രമിച്ച കേസിൽ 302 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയാക്കേണ്ടത്. ഇതിനകം ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം പ്രത്യേക കോടതിയിൽ പൂർത്തിയായിട്ടുണ്ട്. ജനുവരി മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios