ബോളിവുഡ് നടിയും മോഡലും ഗായികയുമായ ദിവ്യ ചൗക്സെ (28) അന്തരിച്ചു. ഒന്നര വര്‍ഷമായി കാന്‍സറിന് ചികിത്സയിലായിരുന്നു. സ്വന്തം നാടായ ഭോപ്പാലില്‍ ഞായറാഴ്‍ചയാണ് മരണം. ദിവ്യയുടെ കസിന്‍ സഹോദരി സൗമ്യ അമീഷ് വര്‍മ്മ ഫേസ്ബുക്കിലൂടെയാണ് ദിവ്യയുടെ മരണവാര്‍ത്ത ആദ്യം അറിയിച്ചത്.

2011ലെ മിസ് യൂണിവേ‍ഴ്‍സ് ഇന്ത്യ മത്സരാര്‍ഥിയായാണ് ദിവ്യ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. പിന്നീട് എംടിവിയുടെ റിയാലിറ്റി ഷോകളായ 'മേക്കിംഗ് ദി കട്ട് 2', ട്രൂ ലൈഫ് എന്നിവയിലും പങ്കെടുത്തു. 2016ല്‍ പുറത്തെത്തിയ 'ഹായ് അപ്‍ന ദില്‍ തോ ആവാര'യിലൂടെയാണ് ബോളിവുഡിലേക്ക് അഭിനേത്രിയായി എത്തുന്നത്. 2018ല്‍ ഗായിക എന്ന നിലയില്‍ 'പാട്യാലെ ദി ക്വീന്‍' എന്ന ആല്‍ബവും പുറത്തിറക്കി.

മധ്യപ്രദേശിലെ ഭോപ്പാലില്‍ ജനിച്ച ദിവ്യയുടേത് ഒരു അഭിഭാഷക കുടുംബമായിരുന്നു. അച്ഛന്‍ മോഹന്‍ ചൗക്സെയും സഹോദരി പല്ലവിയും പേരെടുത്ത അഭിഭാഷകരാണ്. ഭോപ്പാലില്‍ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ദിവ്യ ദില്ലിയിലാണ് ബിരുദപഠനം നടത്തിയത്. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനായി യുകെയിലേക്കും പോയി. അവിടെവച്ച് അഭിനയപഠനവും നടത്തിയിരുന്നു.