കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കരൾ രോഗംമൂലം കെ പി എസി ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

തൃശ്ശൂർ എങ്കക്കാട്ടെ സ്വവസതിയായ ‘ഓർമ’യിൽ നിന്നും പടിയിറങ്ങി നടി കെപിഎസി ലളിത(KPAC Lalitha). എറണാകുളത്തുള്ള മകൻ സിദ്ധാർഥിന്റെ ഫ്ലാറ്റിലാകും കെപിഎസി ലളിത ഇനി താമസിക്കുക. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രണ്ട് മാസം മുമ്പ് ഓർമ്മയിലേക്ക് നടിയെ കൊണ്ടുവന്നിരുന്നു. വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ഇവിടേക്ക് കൊണ്ടുവന്നത്.

ഓർമ്മയിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ നടിയുടെ ആരോഗ്യം മോശമായി. സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സിദ്ധാർഥും ഭാര്യയും മകൾ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും ഈ ദിവസങ്ങളിൽ നടിയോടൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കരൾ രോഗംമൂലം കെ പി എസി ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവയ്‌ക്കേണ്ടതിനാൽ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ പ്രശ്‍നങ്ങളുണ്ടെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെപിഎസി ലളിത. സീരിയലടക്കമുള്ളവയില്‍ അഭിനയിച്ചുവരികയായിരുന്നു.

നാടകരംഗത്തിലൂടെയാണ് കെപിഎസി ലളിത ആദ്യം കലാലോകത്ത് എത്തിയത്. തുടര്‍ന്ന് വെള്ളിത്തിരയില്‍ എത്തിയ കെപിഎസി ലളിത മലയാള സിനിമയുടെ അവിഭാജ്യഘടകമായി വളരെ പെട്ടെന്നായിരുന്നു മാറിയത്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്. 1975, 1978, 1990, 1991 വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും കെപിഎസി ലളിത സ്വന്തമാക്കി.