'പേജിന് ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ'; വ്യാജ പ്രചരണത്തിനെതിരെ നടി മംമ്ത മോഹൻദാസ്
തനിക്കെതിരായ വ്യാജ പ്രചരണത്തിൽ പ്രതികരണവുമായി മംമ്ത.

മലയാളത്തിന്റെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന ഒറ്റചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവടുറപ്പിച്ച മംമ്ത ഒട്ടനവധി ഹിറ്റ് സിനിമകളിൽ ഭാഗമായിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് അടക്കമുള്ള നടന്മാർക്കൊപ്പം നടി ബിഗ് സ്ക്രീനിൽ എത്തി. മലയാളത്തിന് പുറമെ തെലുങ്ക്, കന്നട തുടങ്ങീ ഭാഷാ ചിത്രങ്ങളിലും മംമ്ത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ താനൊരു ഗായിക ആണെന്നും കൂടി തെളിയിച്ച നടി, തനിക്കെതിരായ വ്യാജ പ്രചരണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.
ഒരു ഓൺലൈൻ മാധ്യമത്തിന് എതിരെയാണ് മംമ്ത രംഗത്ത് എത്തിയിരിക്കുന്നത്. "ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ"എന്ന തലക്കെട്ടോടെ ആയിരുന്നു വാർത്ത വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നടി വാർത്തയുടെ പേജിന് താഴെ കമന്റുമായി എത്തുക ആയിരുന്നു.
"ശരി നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിന് ശ്രദ്ധ ലഭിക്കാൻ എന്തിനെ കുറിച്ചും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്???. ഇതുപോലെയുള്ള വഞ്ചനാപരമായ പേജ് പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക..ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്", എന്നാണ് മംമ്ത കമന്റ് ചെയ്തത്. പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തു.
തീർത്ഥാടനമോ ആത്മീയതയോ ? യാത്രകളുടെ ലക്ഷ്യം പറഞ്ഞ് അമൃത, ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി
അതേസമയം, ബാന്ദ്ര എന്ന ചിത്രമാണ് മംമ്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ സുപ്രധാന വേഷമാണ് മംമ്ത കൈകാര്യം ചെയ്യുന്നത്. ഇക്കാര്യം അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമാണ്. ദിലീപ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ ഗോപിയാണ്. ചിത്രം നവംബര്‍ 10ന് തിയറ്ററുകളില്‍ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..