തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമെന്ന് മീരാ ജാസ്‍മിൻ പറഞ്ഞിരുന്നു.

ലയാള ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരമാണ് മീരാ ജാസ്മിൻ(Meera Jasmine). ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ആറു വർഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ്. സത്യൻ അന്തിക്കാട് ചിത്രത്തിലാണ് മീര ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഇൻസ്റ്റാ​ഗ്രാമിൽ നടി പങ്കുവച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

താന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ ആരെയാണ് ഇഷ്ടമെന്ന് മീര പ്രേക്ഷകരോട് ചോദിക്കുന്നു. കസ്തൂരിമാനിലെ പ്രിയംവദ, അച്ചുവിന്റെ അമ്മയിലെ അശ്വതി, സ്വപ്‌നക്കൂടിലെ കമല, ഗ്രാമഫോണിലെ ജെനിഫര്‍ തുടങ്ങി താരത്തിന്റെ എട്ട് കഥപാത്രങ്ങളാണ് വീഡിയോയിലുള്ളത്. പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളുടെ പേരുമായി രം​ഗത്തെത്തിയത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് താൻ ഇൻസ്റ്റാ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ വിവരം മീരാ ജാസ്മിൻ അറിയിച്ചത്. പിന്നാലെ ഒട്ടേറെ ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഏറെ ശ്രദ്ധനേടാറുമുണ്ട്. 

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാ ജാസ്‍മിന്‍ എത്തുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മകള്‍ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. മീരാ ജാസ്‍മിന് പ്രാധാന്യമുള്ള കഥാപാത്രമാണ് മകളിലേത് എന്നാണ് റിപ്പോര്‍ട്ട്.

View post on Instagram

തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമെന്ന് മീരാ ജാസ്‍മിൻ യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ചു കൊണ്ട് പറഞ്ഞിരുന്നു. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകുമെന്നും താരം പറഞ്ഞിരുന്നു.