അന്തരിച്ച നടൻ കലാഭവൻ നവാസിന്‍റെ അവസാന ചിത്രമായ 'പ്രകമ്പനം' കണ്ട അനുഭവം പങ്കുവെക്കുകയാണ് സഹോദരൻ നിയാസ് ബക്കർ
മലയാളികളുടെ പ്രിയങ്കരനായ നടന്‍ കലാഭവന്‍ നവാസിന്‍റെ അപ്രതീക്ഷിത വിയോഗം കഴിഞ്ഞ വര്‍ഷം ആയിരുന്നു. ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ അന്ന് തന്നെയാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്. ആ ചിത്രം തിയറ്ററുകളിലെത്തി, മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടുകയാണ് ഇപ്പോള്‍. ഇപ്പോഴിതാ അവസാന ചിത്രത്തിലെ നവാസിന്‍റെ പ്രകടനം കണ്ട അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹത്തിന്‍റെ സഹോദരനും നടനുമായ നിയാസ് ബക്കര്‍. അന്തരിച്ച നടന്‍ അബൂബക്കറിന്‍റെ മക്കളാണ് ഇരുവരും. തങ്ങളുടെ അഭിനയം പലപ്പോഴും വാപ്പയോളം വന്നിലെന്നാണ് അദ്ദേഹത്തെ അറിയുന്നവര്‍ പറയാറെന്നും എന്നാല്‍ ഇത് ആദ്യമായി നവാസിന്‍റെ പ്രകടനം അതിനൊപ്പമെത്തിയെന്ന് തനിക്ക് തോന്നിയെന്നും നിയാസ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് നിയാസിന്‍റെ കുറിപ്പ്.
നിയാസ് ബക്കറിന്‍റെ കുറിപ്പ്
ഞങ്ങളെത്ര നന്നായി അഭിനയിച്ചാലും ഞങ്ങളുടെ വാപ്പിച്ചിയെ (actor അബൂബക്കർ late) അടുത്തറിയുന്നവർ, വാപ്പിച്ചിയുടെ പഴയകാല നാടകങ്ങളും സിനിമകളും കണ്ടിട്ടുള്ളവർ പറയും, കൊള്ളാം എങ്കിലും അബൂബക്കറിനോളം വന്നില്ല എന്ന്. അങ്ങനെ ആവുക എളുപ്പമല്ലെന്ന് ഞങ്ങൾക്കും അറിയാം. ❤️🙏എന്നാൽ ഇന്നലെ പ്രകമ്പനം എന്ന സിനിമയിലെ നവാസിന്റെ അഭിനയം കണ്ടപ്പോൾ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി എനിക്ക് തോന്നി. ഇനിയായിരുന്നു ഏറെ നല്ല കഥാപാത്രങ്ങളെ അവന് നമുക്ക് വേണ്ടി കാണിക്കാനുണ്ടായിരുന്നത്. ഓർക്കുമ്പോൾ സഹിക്കുന്നില്ല. എങ്കിലും ജീവിത യാഥാർഥ്യങ്ങളെ ഞാൻ ഉൾകൊള്ളുന്നു. ഞങ്ങളുടെ നവാസിന് പൂർത്തീകരിക്കാൻ കഴിയാത്തത് അവന്റെ മക്കൾക്ക് സാധ്യമാവട്ടെയെന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ. പ്രകമ്പനം ഒരു തികഞ്ഞ എന്‍റര്‍ടെയ്നര്‍ ചിത്രമാണ്. സിനിമയുടെ എല്ലാ ഘടകങ്ങളിലും ആ മികവ് പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ നിങ്ങൾ തിയറ്ററിൽ തന്നെ പോയി കാണണം, നഷ്ടം വരില്ല. എന്റെ അനുജന് ഈ ഹിറ്റ് സിനിമയിൽ ഒരു നല്ല വേഷം നൽകിയ പ്രകമ്പനത്തിന്റെ പ്രൊഡ്യൂസർ, ഡയറക്ടർ, മറ്റെല്ലാ അണിയറക്കാര്‍ക്കും എന്റെ നിറഞ്ഞ സ്നേഹം, പ്രാർത്ഥന 🙏🙏🙏❤️❤️❤️.
ഹൊറർ ഫാമിലി കോമഡി എന്റർടെയ്നര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഗണപതിയും സാഗർ സൂര്യയും അൽ അമീനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ചിത്രമാണ് ഇത്.



