കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12ന് ആയിരുന്നു മിയയുടെയും ആഷ്‍വിന്‍ ഫിലിപ്പിന്‍റെയും വിവാഹം

നടി മിയ ജോര്‍ജ് അമ്മയായി. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് മിയ പങ്കുവച്ചത്. ഒപ്പം ഭര്‍ത്താവ് ആഷ്‍വിന്‍ ഫിലിപ്പിനും മകനുമൊപ്പമുള്ള ചിത്രവും മകന്‍റെ പേരും മിയ പങ്കുവച്ചു. 'ലൂക്ക ജോസഫ് ഫിലിപ്പ്' എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.

സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരും ആശംസകളുമായി ഈ പോസ്റ്റിന് താഴെ എത്തുന്നുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 60,000ത്തോളം ലൈക്കുകളും രണ്ടായിരത്തിലേറെ കമന്‍റുകളുമാണ് പോസ്റ്റിന് ഫേസ്ബുക്കില്‍ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12ന് ആയിരുന്നു മിയയുടെയും എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്‍വിന്‍ ഫിലിപ്പിന്‍റെയും വിവാഹം. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു ചടങ്ങ്. മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ വച്ച് മനസമ്മതവും നടന്നിരുന്നു. 

പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്‍റെയും മിനിയുടെയും മകളായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. സിനിമയില്‍ ചെറു കഥാപാത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച മിയ പിന്നീട് സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്‍പതോളം സിനിമകളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്.