നടി മിയ ജോര്‍ജിന്‍റെ വിവാഹം ഇന്ന്. ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ വച്ചാണ് വിവാഹം. വൈകിട്ട് റിസപ്ഷനും ഉണ്ടാവും. കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങിലാണ് വിവാഹം. അടുത്ത ബന്ധുക്കളെയും കുടുംബസുഹൃത്തുക്കളെയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ.

എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്‍വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ വച്ച് കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. മിയയുടെ അമ്മ മിനിയാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ ആഷ്‍വിനെ കണ്ടെത്തിയത്. വിവാഹത്തലേന്ന് നടക്കുന്ന മധുരംവെപ്പ് ചടങ്ങില്‍ നിന്നുള്ള മിയയുടെ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. സാരിയായിരുന്നു ചടങ്ങിന് മിയ തെരഞ്ഞെടുത്തിരുന്നത്. 

പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്‍റെയും മിനിയുടെയും മകളായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. സിനിമയില്‍ ചെറു കഥാപാത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച മിയ പിന്നീട് സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്‍പതോളം സിനിമകളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്.