കൊച്ചി: നഗരത്തിലെ ഷോപ്പിംഗ് മാളിൽ നടിയെ അപമാനിച്ച കേസിൽ പൊലീസ് അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. യുവാക്കൾ കൊച്ചി വിട്ടതായി കരുതുന്ന സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി പുറപ്പെടുന്ന ദീർഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. എറണാകുളത്തിന് വടക്കോട്ടുള്ള ജില്ലകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനാണ് പൊലീസ് ശ്രമം. കഴിഞ്ഞ ദിവസം പ്രതികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട പൊലീസ്, പൊതു ജനങ്ങളിൽ നിന്നും പ്രതികളെ സംബന്ധിച്ചു വിവരങ്ങൾ കിട്ടാൻ സാധ്യതയുള്ളതായി കരുതുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നടി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

25 വയസ്സിന് താഴെ പ്രായമുള്ള രണ്ട് പേരിൽ ഉയരം കുറഞ്ഞ ആളാണ് ആദ്യം നടിയെ അപമാനിച്ചത്. പിന്നീടാണ് ഇയാൾ രണ്ടാമനെയും കൂട്ടി വീണ്ടും എത്തി മോശമായി പെരുമാറിയത്. സംഭവം നടന്ന വ്യാഴാഴ്ച രാത്രി 7.10 ന് ശേഷം ഇരുവരും മാളിനോട് ചേർന്ന ഇടപ്പള്ളി മെട്രോ സ്റ്റേഷനിലെത്തി. ഇവിടെ നിന്ന് സൗത്ത് മെട്രോ സ്റ്റേഷനിലിറങ്ങി. 8.30ഓടെ സൗത്ത് റെയിൽവെ സ്റ്റേഷനിലെത്തിയ പ്രതികൾ വടക്കൻ ജില്ലകളിലേക്കുള്ള ട്രെയിനിൽ കയറിയാണ് കൊച്ചി വിട്ടതെന്നാണ് പൊലിസിന് ലഭിക്കുന്ന വിവരം.