എന്നാല്‍ പൂര്‍ണമായും നിര്‍ത്തുന്നില്ലെന്നും നല്ല സ്ക്രിപ്റ്റുകള്‍ വരികയാണെങ്കില്‍ റൊമാന്റിക് ചിത്രങ്ങൾ ചെയ്യുമെന്നും ദുല്‍ഖര്‍ പറഞ്ഞു.
മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാൻ നായകനായി എത്തിയ സീതാ രാമം എന്ന ചിത്രം പ്രശംസകൾ ഏറ്റുവാങ്ങി പ്രദർശനം തുടരുകയാണ്. ദുൽഖറിന്റെ കരിയറിലെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സിതാരാമം. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായിരുന്നു റിലീസ്. സിനിമ റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് താൻ ഇനി പ്രണയ ചിത്രങ്ങളിൽ അഭിനയിക്കുന്നത് നിർത്തുകയാണെന്ന് ദുൽഖർ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ റൊമാന്റിക് വേഷങ്ങൾ ഇനിയും ചെയ്യണമെന്ന് ദുൽഖറിനോട് ആവശ്യപ്പെടുകയാണ് നടി മൃണാള്‍ താക്കൂർ.
"ഇത് ശരിയല്ല, ദുല്‍ഖര്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ഞാന്‍ അപ്സെറ്റാവും. എനിക്ക് റൊമാന്‍സ് ഇഷ്ടമാണ്. ഷാരൂഖ് സാര്‍ ചെയ്ത റൊമാന്‍റിക് കഥാപാത്രങ്ങള്‍ കണ്ടിട്ടില്ലേ. അദ്ദേഹത്തിന്‍റെ രാജ്, രാഹുല്‍ തുടങ്ങിയ കഥാപാത്രങ്ങൾ എന്ത് മനോഹരമാണ്. അദ്ദേഹം കാരണമാണ് ഞാന്‍ കുറച്ചെങ്കിലും റൊമാന്‍റിക് ആയി അഭിനയിക്കുന്നത്. റൊമാന്‍സ് നിര്‍ത്തുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. അങ്ങനെ പറയുന്നത് നിര്‍ത്തണം. ഞങ്ങളുടെ ഹൃദയം തകരും വേണമെങ്കില്‍ ബ്രേക്ക് എടുത്തോളൂ. പക്ഷേ നിര്‍ത്തുമെന്ന് പറയരുത്", എന്നാണ് മൃണാൾ പറഞ്ഞത്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
റൊമാന്റിക് ഹീറോ വിളി വേണ്ട ; 'സീതാരാമം' അവസാന പ്രണയ ചിത്രമെന്ന് ദുൽഖർ
എന്നാല്‍ പൂര്‍ണമായും നിര്‍ത്തുന്നില്ലെന്നും നല്ല സ്ക്രിപ്റ്റുകള്‍ വരികയാണെങ്കില്‍ റൊമാന്റിക് ചിത്രങ്ങൾ ചെയ്യുമെന്നും ദുല്‍ഖര്‍ പറഞ്ഞു. "ഇപ്പോൾ എല്ലാ അഭിമുഖങ്ങളിലും ആദ്യം ചോദിക്കുന്ന ചോദ്യമാണിത്. റൊമാന്‍റിക് റോളുകളില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുകയാണ്. അത്ര നല്ല സ്ക്രിപ്റ്റുകള്‍ വരികയാണെങ്കില്‍ ചെയ്യും. സീതാ രാമം വലിയൊരു യാത്ര ആയിരുന്നു. രണ്ട് വര്‍ഷത്തോളം ഈ സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു. ഓരോ ദിവസവും സിനിമയോടും റാമിനോടും സീതയോടും കൂടുതല്‍ അടുത്തു കൊണ്ടിരുന്നു. സീതാ രാമം പേലുള്ള സിനിമകള്‍ കരിയറില്‍ അപൂര്‍വ്വമായോ ലഭിക്കുള്ളൂ", എന്നാണ് ദുൽഖർ നൽകിയ മറുപടി.
സീതാ രാമത്തിൽ ദുൽഖറിന് ഒപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ ആണ് സീതയായി എത്തിയത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രം കാശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. തെന്നിന്ത്യയിൽ 75 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ ബോളിവുഡിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.
