നടി മുത്തുമണിക്ക് കുസാറ്റിൽ നിന്ന് ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ് പിഎച്ച്ഡി നേടിയത്.

കൊച്ചി: നടി മുത്തുമണിക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിന്നാണ് മുത്തുമണി സോമസുന്ദരം ഗവേഷണത്തിന് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. സിനിമയിലെ പകര്‍പ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ് പിഎച്ച്ഡി നേടിയത്. 

'ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ 1957 ലെ പകര്‍പ്പവകാശ നിയമത്തിന്റെ പ്രസക്തി' എന്ന വിഷയത്തിലായിരുന്നു പഠനം. ഡോ. കവിത ചാലയ്ക്കലിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

മോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം എന്ന ചിത്രത്തിലാണ് മുത്തുമണി അഭിനയ രംഗത്തേക്ക് എത്തിയത്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേമിക്കുന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. 

അതിനു ശേഷം നിരവധി ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. കടൽ കടന്ന് ഒരു മാത്തുക്കുട്ടി , ഹൌ ഓൾഡ് ആർ യു, ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ ,ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വിവിധ വേഷങ്ങൾ ചെയ്തത്. 

മുത്തുമണിക്ക് ഡോക്ടറേറ്റ് ലഭിച്ച സന്തോഷം ഭര്‍ത്താവും സിനിമ സംവിധായകനുമായ പിആര്‍ അരുണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

അഡ്വ. മുത്തുമണിയില്‍ നിന്നും ആക്ടര്‍ മുത്തുമണിയിലേക്കും ഇപ്പോള്‍ ഡോ.മുത്തുമണിയിലേക്കുമുള്ള യാത്രയ്ക്ക് നേരിട്ട് സാക്ഷിയായി. ജീവിതത്തില്‍ സംഭവിച്ച ഏറ്റവും സംതൃപ്തമായ കാര്യം എന്നാണ് ചിത്രങ്ങള്‍ അടക്കം പിആര്‍ അരുണ്‍ പങ്കുവച്ചിരിക്കുന്നത്.