വിവാദങ്ങളിൽ പ്രതികരണവുമായി നയൻതാര. ഇത്തരം മെയിൽ ഷോവനിസ്റ്റുകളുടെ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമങ്ങൾ സമൂഹം ഒന്നടങ്കമായി നിരുത്സാഹപ്പെടുത്തണമെന്ന് നടി.

ചെന്നൈ: നടനും ഡിഎംകെ നേതാവുമായ രാധാ രവിയുടെ വിവാദ പരാമർശത്തിൽ അതൃപ്തി പ്രകടമാക്കി നടി നയന്‍താര. സ്ത്രീകൾക്കെതിരായ ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയാത്തത് എന്ന് നയൻതാര പ്രതികരിച്ചു. ഇത്തരം മെയിൽ ഷോവനിസ്റ്റുകളുടെ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമങ്ങൾ സമൂഹം ഒന്നടങ്കമായി നിരുത്സാഹപ്പെടുത്തണമെന്നും നടി പറഞ്ഞു.

രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയന്‍താരയെക്കുറിച്ചും നടനും ഡിഎംകെ നേതാവുമായ രാധാ രവി നടത്തിയ ലൈംഗിക പരാമര്‍ശം വന്‍ വിവാദമായിരുന്നു. നയന്‍താരയുടെ പുതിയ ചിത്രമായ കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം.

നയന്‍താര പ്രേതമായും സീതയായും അഭിനയിക്കുകയാണ്, മുന്‍പ് കെആര്‍ വിജയയെ പോലുള്ളവരായിരുന്നു ഇത്തരം വേഷങ്ങള്‍ ചെയ്തിരുന്നത്. അവരുടെ മുഖത്തു നോക്കുമ്പോള്‍ പ്രാര്‍ത്ഥിയ്ക്കാന്‍ തോന്നുമായിരുന്നു എന്നുമായിരുന്നു നയന്‍താരക്കെതിരായ പരാമര്‍ശം. 

അതേസമയം, എന്താണ് വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അതൊരു ചെറിയ ചിത്രമാണ്. പൊള്ളാച്ചിയിലേത് പോലെ 40പേര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ അത് വലിയ ചിത്രം എന്നുമായിരുന്നു പൊള്ളാച്ചി പീഡനവുമായി ബന്ധപ്പെട്ട പരാമര്‍ശം.

രണ്ട് പരാമര്‍ശങ്ങള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി ഗായിക ചിന്മയി, സംവിധായകനായ വിഘ്നേഷ് ശിവന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. സ്റ്റാലിനെയും കനിമൊഴിയെയും ടാഗ് ചെയ്ത് ട്വിറ്ററിലായിരുന്നു വിഘ്നേഷ് ശിവന്‍റെ പ്രതികരണം.

സംഭവം വിവാദമായത്തോടെ രാധാ രവിയെ ഡിഎംകെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ചാണ് രാധാ രവിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും രാധാ രവിയെ നീക്കിയതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ രാത്രി വൈകി പ്രസ്താവന ഇറക്കിയത്. നേരത്തെ നടികര്‍ സംഘം പ്രസിഡന്റായിരുന്ന രാധാ രവി നിലവില്‍ ദക്ഷിണേന്ത്യന്‍ ഡബ്ബിംഗ് അസോസിയേഷന്‍ പ്രസിഡന്‍റാണ്.