പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പീഡനാരോപണം ഉയര്‍ത്തി നടി പായല്‍ ഘോഷ്. എബിഎന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ആരോപണം ആദ്യം ഉയര്‍ത്തിയത്. പിന്നീട് ട്വിറ്ററിലൂടെയും ഇത് ആവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് നടത്തിയ ട്വീറ്റിനോട് പ്രതികരിച്ച് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രംഗത്തെത്തി. വിശദമായ പരാതി സമര്‍പ്പിക്കാന്‍ നടിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ.

അനുരാഗിനെ ആദ്യം കണ്ടതിന് പിറ്റേന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പായല്‍ ഘോഷിന്‍റെ ആരോപണം. കൂടിക്കാഴ്ചയുടെ സമയത്ത് അനുരാഗ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും സ്ത്രീവിമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്‍റെ ഇരട്ടത്താപ്പാണെന്നും നടി ആരോപിക്കുന്നു. "മോദിജി, ദയവായി നടപടി സ്വീകരിക്കുക. ഈ കലാകാരന്‍റെ പിന്നിലുള്ള ചെകുത്താനെ രാജ്യത്തിന് കാട്ടിക്കൊടുക്കുക. എനിക്ക് അത് അപായം ഉണ്ടാക്കിയേക്കാമെന്ന് അറിയാം. എന്‍റെ സുരക്ഷ അപകടത്തിലാണ്. ദയവായി സഹായിക്കുക", എന്നാണ് പായല്‍ ഘോഷിന്‍റെ ട്വീറ്റ്.

ദിവസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍റെ പേര് വെളിപ്പെടുത്താതെ നടി തനിക്കുണ്ടായ 'മി ടൂ' അനുഭവത്തെക്കുറിച്ച് ആരോപണം ഉയര്‍ത്തിയിരുന്നു. സുശാന്ത് സിംഗിന്‍റെ മരണത്തെത്തുടര്‍ന്ന് അന്വേഷണം നടക്കുന്ന ലഹരി കേസിനെക്കുറിച്ച് അഭിപ്രായം പങ്കുവെക്കവെയാണ് പായല്‍ പീഡനാരോപണവും ഉയര്‍ത്തിയത്. മുംബൈ ഇആര്‍ഡി റോഡില്‍ വസതിയുള്ള ഒരു സംവിധായകനില്‍ നിന്നുമാണ് ദുരനുഭവം ഉണ്ടായതെന്നും അതിനുശേഷം അദ്ദേഹവുമായി ഒരുതരത്തിലുള്ള പരിചയവും പുലര്‍ത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.