നടൻ ഭാഗ്യരാജിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ ആംബുലൻസിന് ചുറ്റും മാധ്യമങ്ങൾ തടിച്ചുകൂടിയത് തടസ്സമുണ്ടാക്കി. മൃതദേഹം പുറത്തിറക്കാൻ കഴിയാതെ വന്നതോടെ, നടി രാധിക ശരത്കുമാർ സ്വകാര്യത ആവശ്യപ്പെട്ട് വൈകാരികമായി പ്രതികരിച്ചു.
തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായി ഒട്ടനവധി പേരാണ് വസതിയിൽ എത്തിച്ചേർന്നത്. ഇവിടെ നിന്നുമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തതവസരത്തിൽ മാധ്യമങ്ങളോട് കൈ കൂപ്പി വൈകാരികമായി സംസാരിക്കുന്ന നടി രാധിക ശരത് കുമാറിന്റെ വീഡിയോ ഏറെ വൈറലായി മാറിയിരിക്കുകയാണ്.
ഭാഗ്യരാജിന്റെ ഭൗതിക ശരീരം ആംബുലൻസിൽ വീട്ടിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. എന്നാൽ ആംബുലൻസിൽ നിന്നും മൃതദേഹം പുറത്തെടുക്കാൻ സാധിക്കാത്ത നിലയിലേക്ക് മാധ്യമങ്ങൾ വാഹനത്തിന് ചുറ്റും തടിച്ച് കൂടുകയായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും ഭൗതിക ശരീരം പുറത്തെടുക്കാൻ ആകാതെ വന്നതോടെ വണ്ടിയിൽ ഉണ്ടായിരുന്ന രാധിക കണ്ണീരോടെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ കൈ കൂപ്പി. വിഷമവും രോഷവും നിറഞ്ഞ് അവർ പൊട്ടിത്തെറിക്കുകയായിരുന്നു.
"സിനിമയാണ് ഞങ്ങളുടെ ജീവിതം. പക്ഷേ ഞങ്ങളുടെ ജീവിതം വ്യത്യസ്തമാണ്. നിങ്ങൾക്ക് ടിആർപി ആണ് വേണ്ടതെങ്കിൽ, ഞങ്ങൾ നിങ്ങൾക്കായി സിനിമയിൽ അഭിനയിക്കാം. ദയവായി ഞങ്ങൾക്ക് കുറച്ച് സ്വകാര്യത തരൂ.", എന്നാണ് തടിച്ച് കൂടിയവരോടായി രാധിക പറഞ്ഞത്. പിന്നാലെ കൂട്ടം പിന്നോട്ട് നീങ്ങുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.
"രാധികയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് മീഡിയയെ വിമർശിച്ച് കൊണ്ട് രംഗത്ത് എത്തിയത്. സിനിമാക്കാരാണെങ്കിലും അവരും മനുഷ്യരാണ്. എന്തിനാണിങ്ങനെ കഴുകന്മാരെ പോലെ പെരുമാറുന്നത് ? സംസ്കാര ചടങ്ങുകളിൽ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ചില മാധ്യമങ്ങൾ ഇത് പൂർണമായും അവഗണിക്കുകയും വളരെ മോശമായ രീതിയിൽ പെരുമാറുകയും ചെയ്യുകയാണ്. നടപടി എടുത്തെ പറ്റൂ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.



