നടി രഞ്ജിനി കോടതിയെ സമീപിച്ചു; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ വീണ്ടും അനിശ്ചിതത്വം
വിവരാവകാശ നിയമ പ്രകാരം റിപ്പോർട്ടിനായി അപേക്ഷിച്ച മാധ്യമപ്രവർത്തകരോട് നാളെ 11 മണിക്ക് ഹാജരാകാൻ ആണ് നിർദ്ദേശം നൽകിയിരുന്നത്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നാളെ പുറത്തുവിടുന്നതിൽ അനിശ്ചിതത്വം. അന്തിമ തീരുമാനം നാളെ രാവിലെ മാത്രമേ ഉണ്ടാകൂ. നടി രഞ്ജിനിയുടെ ഹർജി കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുനരാലോചന. താൻ കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തിങ്കാഴ്ച ഹർജി കോടതി പരിഗണിക്കും. ഇത് കണക്കിലെടുത്താണ് റിപ്പോർട്ട് പുറത്തുവിടുന്നതിൽ അന്തിമ തീരുമാനം നാളെ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം റിപ്പോർട്ടിനായി അപേക്ഷിച്ച മാധ്യമപ്രവർത്തകരോട് നാളെ 11 മണിക്ക് ഹാജരാകാൻ ആണ് നിർദ്ദേശം നൽകിയിരുന്നത്. റിപ്പോർട്ട് നൽകുമോയെന്ന കാര്യത്തിൽ തീരുമാനം അപ്പോഴോ അതിന് മുമ്പോ അറിയിക്കും.
വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ എഡിറ്റഡ് രൂപം സംസ്ഥാന സർക്കാർ നാളെ പുറത്ത് വിടാനിരിക്കെയാണ് ഹൈക്കോടതിയിൽ പുതിയ ഹർജി എത്തിയത്. കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവരിൽ ഒരാളായ രഞ്ജിനിയാണ് ഹർജി നൽകിയത്. മൊഴി നൽകിയതിന് ശേഷം ഹേമ കമ്മിറ്റി ഇത് വരെ ബന്ധപ്പെട്ടിട്ടില്ല. സ്വകാര്യത ഉറപ്പാക്കുമെന്ന ധാരണയിലാണ് കമ്മിറ്റിക്ക് മുൻപാകെ താനടക്കമുള്ളവർ മൊഴി നൽകിയത്. എന്നാൽ പറഞ്ഞ കാര്യങ്ങൾ എങ്ങനെ റിപ്പോർട്ടായി പുറത്ത് വരുമെന്നതിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വനിത കമ്മീഷൻ പോലും ഇക്കാര്യത്തിൽ ഇടപെടൽ നടത്താത്തതിൽ നിരാശയുണ്ടെന്നും രജ്ഞിനി പറഞ്ഞു.
ഹർജി നാളെ കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് നാലര വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്ത് വിട്ടിരുന്നില്ല. ഒടുവിൽ റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവിടാൻ മുഖ്യവിവരാവകാശ കമ്മീഷണർ ഉത്തരവിട്ടതോടെയാണ് ഹൈക്കോടതിയിൽ നിർമ്മാതാവ് സജിമോൻ പാറയിൽ ഹർജിയുമായി എത്തിയത്. ഹർജിയിലെ പൊതുതാൽപര്യം വ്യക്തമാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് കണ്ടെത്തി ഹൈക്കോടതി കഴിഞ്ഞ ദിവസം ഈ ഹർജി തള്ളിയിരുന്നു. വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കാനുള്ള നിർദേശങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവിലുണ്ടെന്ന പരാമർശത്തോടെയായിരുന്നു കോടതി തീരുമാനം.