''തൊണ്ട ഇടറി താങ്കൾ പറഞ്ഞത് ഈ രാവണപ്രഭുക്കൻമാർക്ക് എത്ര ശ്രമിച്ചാലും പറയാൻ നാവ് വഴങ്ങില്ലെന്നും ഇറങ്ങിപ്പോയവർ ഇറങ്ങേണ്ടവർ തന്നെയാണെന്നും'' സജിത മഠത്തിൽ
പാലക്കാട്: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേ ദിനത്തിൽ മുഖ്യാതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി നടി സജിതാ മഠത്തിൽ. തൊണ്ട ഇടറി താങ്കൾ പറഞ്ഞത് ഈ രാവണപ്രഭുക്കൻമാർക്ക് എത്ര ശ്രമിച്ചാലും പറയാൻ നാവ് വഴങ്ങില്ലെന്നും ഇറങ്ങിപ്പോയവർ ഇറങ്ങേണ്ടവർ തന്നെയാണെന്നും സജിത ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തന്നോട് ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ തയ്യാറല്ലെന്നായിരുന്നു അനിൽ രാധാകൃഷ്ണൻ മേനോൻ കോളേജ് ഭാരവാഹികളെ അറിയിച്ചത്.
പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്ന് ആവശ്യപ്പെട്ടത്. പക്ഷേ പിന്മാറാന്‍ ബിനീഷ് തയ്യാറായില്ല. നേരെ വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്നു പ്രതിഷേധിച്ചു. പിന്നീട് എഴുതിക്കൊണ്ടു വന്ന പ്രസംഗം വായിച്ച് വിതുമ്പിക്കൊണ്ട് വേദി വിട്ടു. കുട്ടികൾ കയ്യടിച്ചാണ് ബിനീഷിനെ യാത്രയാക്കിയത്. സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതോടെ വലിയ പ്രതിഷേധമാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന് നേരെ ഉയരുന്നത്.
സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ബിനീഷ്,
തൊണ്ട ഇടറി നിങ്ങൾ പറഞ്ഞത് ഈ രാവണപ്രഭുക്കൻമാർക്ക് എത്ര ശ്രമിച്ചാലും പറയാൻ നാവു വഴങ്ങില്ല! മനക്കരുത്തുമായി നിങ്ങൾ സ്റ്റേജിലേക്ക് നടന്ന ആ നടത്തം ഇവരുടെ സ്വപ്നത്തിൽ പോലും സാധ്യവുമല്ല! നിങ്ങൾ പറയുന്നത് കേട്ട് കുട്ടികൾ എഴുന്നേറ്റു നിന്ന് കൈയ്യടിക്കുന്നത് അവരുടെ ഹൃദയത്തിൽ നിന്നാണ്. അത് ഫാനരന്മാരുടെ അലമ്പലല്ല! ഇറങ്ങി പോയവർ ഇറങ്ങേണ്ടവർ തന്നെയാണ്. പല അടികളുമേറ്റ് വെന്തിരിക്കയാണെങ്കിലും ബിനീഷ് നിങ്ങൾ ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നു.
സ്നേഹം!
