അത്ര എളുപ്പമല്ലാത്ത അവരുടെ യാത്ര, മാറ്റത്തിന്റെ തുടക്കമാകട്ടെ; ഡബ്യൂസിസിയെ പ്രശംസിച്ച് സാമന്ത
ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.
മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്യൂസിസി(വുമൺ ഇൻ കളക്ടീവ് സിനിമ)യെ പ്രശംസിച്ച് തെന്നിന്ത്യൻ താരസുന്ദരി സാമന്ത. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് സാമന്തയുടെ പ്രശംസ. കഴിഞ്ഞ കുറച്ച് കാലമായി ഡബ്യൂസിസിയുടെ പ്രവർത്തനങ്ങളെ താൻ വീക്ഷിക്കുകയാണെന്നും മാറ്റത്തിന്റെ തുടക്കമാകും ഇതെന്നും സാമന്ത പറയുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.
"കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിലെ ഡബ്ല്യുസിസിയുടെ അതിഗംഭീമായ പ്രവർത്തനങ്ങളെ വീക്ഷിക്കുന്ന ആളാണ്ഞാൻ. അവരുടെ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രത്യാഘാതങ്ങൾ പുറത്ത് വരുന്നത് കാണുമ്പോൾ ഡബ്ല്യുസിസിയോട് ആദരവ് തോന്നുകയാണ്. സുരക്ഷിതമായൊരു തൊഴിലിടം എന്നത് ഏറ്റവും അടിസ്ഥാനപരമായി ഏവർക്കും ലഭിക്കേണ്ട ഒന്നാണ്. പക്ഷേ അതിന് പോലും വലിയ സംഘർഷങ്ങൾ വേണ്ടി വരുന്നു. എന്തായാലും അവരുടെ പരിശ്രമങ്ങൾ ഒന്നും വിഫലമായില്ല. മികച്ചൊരു മാറ്റത്തിന്റെ തുടക്കമാകട്ടെ ഇതെന്ന് പ്രതീക്ഷിക്കുകയാണ് ഞാൻ. ഡബ്ല്യുസിസിയിലെ എന്റെ കൂട്ടുകാർക്കും സഹോദരിമാർക്കും സ്നേഹവും ആദരവും", എന്നാണ് സാമന്ത കുറിച്ചത്.
നേടിയത് 20 കോടിയിലേറെ, ചിരിപ്പിച്ച് ബോക്സ് ഓഫീസ് നിറച്ച് 'നുണക്കുഴി'; രണ്ടാം വാരത്തിലേക്ക്
ഡബ്ല്യുസിസി അംഗങ്ങൾ തന്റെ ഹീറോകൾ ആണെന്ന് കഴിഞ്ഞ ദിവസം പിന്നണി ഗായികയായ ചിന്മയി ശ്രീപദ പറഞ്ഞിരുന്നു. ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തിൽ ഇത്തരം പിന്തുണ ലഭിക്കാൻ കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ച് പോകയാണ്. സിനിമാ വ്യവസായത്തിലെ ഏറ്റവും ദുർബലരായവർ മധ്യനിരയ്‌ക്കെതിരെ മുന്നോട്ട് വന്നതാണ്. അത് എല്ലായ്‌പ്പോഴും ഒരു മാതൃകയാണെന്നും ചിന്മയി പറഞ്ഞിരുന്നു. നിലവിലെ സാഹചര്യങ്ങളെ മാറ്റിമറിച്ച് ശാക്തീകരിക്കാൻ ഡബ്ല്യൂസിസിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുകയാണെന്നും ചിന്മയി പറഞ്ഞിരുന്നു. ദ ഇന്ത്യന്‍ എക്സ്പ്രസിനോട് ആയിരുന്നു ഗായികയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..