വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാതുവാക്കിലെ രണ്ടു കാതല്‍ ആണ് സാമന്തയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം.
തെന്നിന്ത്യൻ സിനിമകളിലെ താരസുന്ദരിയാണ് സാമന്ത(Samantha Ruth Prabhu). ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ സാമന്ത പ്രേക്ഷകർക്ക് നൽകി കഴിഞ്ഞു. പുഷ്പയാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ സാമന്തയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്.
വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് സാമന്ത കുറിക്കുന്നു. ഇനിയെങ്കിലും സ്ത്രീകളെ വിലയിരുത്താതെ സ്വയം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാമന്ത സ്റ്റോറിയിലൂടെ ആവശ്യപ്പെടുന്നു. ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ താരം പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ സാമന്ത ധരിച്ച പച്ച നിറത്തിലുള്ള ഗൗണിനെതിരെ വിദ്വേഷ കമന്റുകള്‍ ഉയർന്നിരുന്നു. ഈ വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണമായിരുന്നു താരത്തിന്റെ സ്റ്റോറി.
സാമന്തയുടെ വാക്കുകൾ
ഒരു സ്ത്രീയെന്ന നിലയില്‍ വിധിക്കപ്പെടുക എന്നതിന്റെ ശരിയായ അര്‍ത്ഥം എന്താണെന്ന് എനിക്കറിയാം. സ്ത്രീകളെ പല തരത്തില്‍ വിലയിരുത്താറുണ്ട്. അവര്‍ എന്താണ് ധരിക്കുന്നത്, വംശം, തൊലിയുടെ നിറം, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട്, രൂപം അങ്ങനെ ആ ലിസ്റ്റ് നീളുകയാണ്. വസ്ത്രത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ പറ്റി പെട്ടെന്നൊരു ധാരണയുണ്ടാക്കുക എളുപ്പമുള്ള കാര്യമാണ്. ഇത് 2022 ആണ്. ഇപ്പോഴെങ്കിലും സ്ത്രീകളെ വിലയിരുത്താതെ നമ്മെ തന്നെ സ്വയം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലേ. ആ വിലയിരുത്തലുകള്‍ ഉള്ളിലേക്ക് തിരിച്ച് സ്വയം വിലയിരുത്തല്‍ നടത്തുന്നതാണ് പരിണാമം. നമ്മുടെ ആദര്‍ശങ്ങള്‍ മറ്റുള്ളവരിലേക്ക് കേന്ദ്രീകരിക്കുന്നത് ആര്‍ക്കും ഒരു ഗുണവും ഉണ്ടാക്കില്ല. ഒരു വ്യക്തിയെ മനസിലാക്കാന്‍ നാം ഉപയോഗിക്കുന്ന വഴിയും അളവുകോലും തിരുത്തിയെഴുതാം.
അടുത്തിടെ ആയിരുന്നു സാമന്ത സിനിമയിൽ എത്തിയിട്ട് 12 വർഷം തികഞ്ഞത്. വിണ്ണൈ താണ്ടി വരുവായായുടെ തെലുങ്ക് പതിപ്പ് യേ മായ ചേസവേയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാമന്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 12 വര്‍ഷത്തെ കരിയറില്‍ ഇതുവരെ അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് സാമന്ത. എണ്ണത്തില്‍ കൂടുതല്‍ സിനിമകള്‍ തെലുങ്കിലാണ്. പിന്നീട് തമിഴിലും. തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരുടെ ലിസ്റ്റില്‍ സാമന്തയുമുണ്ട്. അടുത്തിടെ എത്തിയ അല്ലു അര്‍ജുന്‍റെ മെഗാ ഹിറ്റ് ചിത്രം പുഷ്പയില്‍ ഒരു നൃത്തരംഗത്തില്‍ മാത്രമായി പ്രത്യക്ഷപ്പെട്ടതിന് ഒന്നരക്കോടിയായിരുന്നു സാമന്തയുടെ പ്രതിഫലം. ശ്രദ്ധേയ പ്രോജക്റ്റുകളാണ് സാമന്തയുടേതായി പുറത്തുവരാനിരിക്കുന്നതും.

പുരാണ കഥാപാത്രമായ ശകുന്തളയായി സാമന്ത എത്തുന്ന ശാകുന്തളമാണ് അതിലൊന്ന്. അനുഷ്‍ക ഷെട്ടി നായികയായ 'രുദ്രമാദേവി'യുടെ സംവിധായകന്‍ ഗുണശേഖര്‍ ആണ് ചിത്രം ഒരുക്കുന്നത്. കാളിദാസന്‍റെ രചനയിലെ ഇതിഹാസ പ്രണയകഥ പറയുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. തെലുങ്കിന് പുറമെ മലയാളം, കന്നഡ, ഹിന്ദി, തമിഴ് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായി എത്തുക. അല്ലു അര്‍ജുന്‍റെ മകള്‍ അര്‍ഹയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാതുവാക്കിലെ രണ്ടു കാതല്‍ ആണ് സാമന്തയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം.
