പഴയൊരു ചാനല്‍ അഭിമുഖത്തില്‍ താന്‍ പറഞ്ഞ അഭിപ്രായത്തിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടി സരയു. വര്‍ഷങ്ങളുടെ ഇടവേളയില്‍ തന്‍റെ കാഴ്ചപ്പാടുകളില്‍ ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ചെന്നും താന്‍ തന്നെ മറന്നുപോയ ഒരു കാലത്തെ വാക്കുകളോടാണ് മറ്റുള്ളവര്‍ കലഹിച്ചുകൊണ്ടിരിക്കുന്നതെന്നും സരയു ഫേസ്ബുക്കില്‍ കുറിച്ചു. സ്ത്രീ പുരുഷന് ഒരു പടിക്കു താഴെ നില്‍ക്കുന്നതാണ് തനിക്കിഷ്ടമെന്നും അങ്ങനെയുള്ളിടത്ത് പ്രശ്നങ്ങള്‍ കുറവാണെന്നുമാണ് പഴയൊരു അഭിമുഖത്തില്‍ സരയു പറഞ്ഞത്. ഈ വീഡിയോയുടെ ക്ലിപ്പിംഗ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒപ്പം സരയുവിനുനേരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. നിലപാട് അറിയിച്ചിട്ടും തുടരുന്ന വിമര്‍ശനങ്ങളോടാണ് നടിയുടെ പ്രതികരണം.

സരയു പറയുന്നു

നമസ്കാരം, രണ്ട് ദിവസം മുന്നേ കൃത്യമായി നിലപാട് അറിയിച്ച് എഴുതിയിട്ടും വർഷങ്ങൾക്ക് മുന്നേ ഉള്ള ഒരു വീഡിയോ ഇപ്പോഴും ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കുന്നു എന്നറിയുന്നു. ഞാൻ ചിന്തകൾ കൊണ്ടും കാഴ്ചപ്പാടുകൾ കൊണ്ടും ഈ വർഷങ്ങൾ കൊണ്ട് കുറച്ച് മുന്നിലേക്ക് പോന്നിരിക്കുന്നു. അനുഭവങ്ങളും യാത്രകളും സൗഹൃദങ്ങളും ജീവിതവും പഠിപ്പിച്ച പാഠങ്ങൾ കൊണ്ട് തിരുത്തിയും ഇടറിയും പിടഞ്ഞെണീറ്റും ഓടിപ്പാഞ്ഞും സ്വന്തം ജീവിതം രൂപപ്പെടുത്തി എടുക്കുകയാണ് ഞാൻ ചെയ്യുന്നത്. വീടിനുള്ളിലെ സുരക്ഷിതത്വത്തിൽ നിന്ന് കിട്ടിയ ഇടുങ്ങിയ ചിന്ത അല്ലായിരുന്നു വിഡിയോയിലേത്. ചെന്നുപെട്ട ശ്വാസം മുട്ടിക്കുന്ന മറ്റിടങ്ങൾ ഉണ്ടായിരുന്നു. സ്ത്രീ പുരുഷന്‍റെ കീഴിൽ നിൽക്കണം എന്ന് തേൻപുരട്ടിയ വാക്കുക്കളാൽ ആവർത്തിച്ചു പഠിപ്പിച്ചിരുന്ന അത്തരം ഒരിടത്തു നിന്ന് യൂ ടേൺ എടുത്ത് പോരുകയായിരുന്നു. അതാണ് എന്നിലെ സ്ത്രീയോട് ഞാൻ ചെയ്ത ഏറ്റവും സുന്ദരമായ കാര്യം.

പറഞ്ഞുവന്നത് ഇത്രേ ഉള്ളൂ. ഞാൻ തന്നെ മറന്നു പോയൊരു കാലത്തെ വാക്കുകളോടാണ് നിങ്ങൾ കലഹിച്ചോണ്ടിരിക്കുന്നത്. എനിക്ക് ഇനിയും ഇതിന് മുകളിൽ സമയം ചിലവഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്നിലെ മാറ്റങ്ങളുടെ നേർത്ത സാദ്ധ്യതകൾ എങ്കിലും തിരിച്ചറിഞ്ഞ്, നേരിട്ട് ചോദിക്കുകയും എളുപ്പത്തിൽ ചെയ്യാവുന്ന വീഡിയോ ഷെയർ ഒഴിവാക്കി 2 വരികൾ കൃത്യമായി, ഊർജം പകരുന്ന തരത്തിൽ എഴുതുകയും പലരോടും തിരുത്തി സംസാരിക്കുകയും ചെയ്ത സുഹൃത്തുക്കൾക്ക് സ്നേഹം.