ജയസൂര്യയ്‍ക്കെതിരായ പരാതി; പരാതിയില്‍നിന്ന് പിന്മാറാൻ പലവിധ സമ്മർദ്ധമെന്ന് നടി

ഇടുക്കി: ജയസൂര്യയ്‍ക്കെതിരായ പരാതിയില്‍നിന്ന് പിന്മാറാൻ ഭീഷണിയിലൂടെയല്ലാതെ പലവിധ സമ്മർദ്ധമെന്ന് പരാതിക്കാരിയായ നടി. ഭീഷണിയുടെ സ്വരമില്ലന്നേയുള്ളു, സ്നേഹത്തിലാണെങ്കിലും ഇനി മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞ് പുരുഷന്മാരും സ്‍ത്രീകളും ഫോണി‍ല്‍ വിളിക്കുന്നുണ്ട്. എനിക്കുള്ള പിന്തുണ മാധ്യമങ്ങളാണ്. ഇനിയും മാധ്യമങ്ങളേ കാണും. 

പക്ഷേ പരാതിയില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനം. മാധ്യമപ്രവര്‍ത്തകരെന്ന് പറഞ്ഞുവരെ ആളുകള്‍ വിളിക്കുന്നുണ്ട്. പൈസയ്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ച് ഒരു ഓഡിയോ വന്നിരുന്നു. ജയസൂര്യയുടെ വലിയൊരു സിനിമ ഇറങ്ങാന്‍ പോകുകയാണ്, സിനിമയേ ഈ കേസ് ബാധിക്കില്ലേയെന്നും ഒരാള്‍ ചോദിച്ചിരുന്നു. മജിസ്‌‍ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കും. 

സിനിമാ മേഖലയില്‍ ഒരുപാട് മോശം കാര്യങ്ങള്‍ കണ്ടിട്ടുണ്ട്. അത് പോകെപ്പോകെ വെളിപ്പെടുത്തും. ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് നടന്റെ പേര് വെളിപ്പെടുത്തിയത്. പൊലീസിനെ കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്താനായിട്ടുണ്ട്. കൂത്താട്ടുകുളത്തിനടുത്തുള്ള പന്നിഫാമില്‍ കൊണ്ടുപോയിരുന്നു. ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും കൃത്യം നടന്ന സ്ഥലം തിരിച്ചറിഞ്ഞു. അന്നവിടെ ഒരു ചെറിയ ബദാം മരമുണ്ടായിരുന്നു. ഇപ്പോഴത് വലുതായിട്ടുണ്ട്. മുഴുവൻ സ്ത്രീകള്‍ക്ക് വേണ്ടിയാണ് പോരാടുന്നത്. ഇത്തരമൊരു കാര്യത്തിന് മാധ്യമശ്രദ്ധ നേടിയെടുക്കേണ്ട ആവശ്യമില്ലന്നും പരാതിക്കാരിയായ നടി പറഞ്ഞു.

ലൈംഗിക പീഡന പരാതിയില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം; ഇടവേള ബാബുവിനും ജാമ്യം അനുവദിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ദുരനുഭവം പറഞ്ഞ് നടിമാര്‍ രംഗത്തെത്തിയത്. തിരുവനന്തപുരം സ്വദേശിയായ നടി 2013 ൽ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ദുരനുഭവം നേരത്തെ തുറന്ന് പറഞ്ഞിരുന്നു. മേക്കപ്പ് ചെയ്ത് ടോയലറ്റിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെ യുവ നടൻ പിന്നിൽ നിന്ന് കടന്ന് പിടിച്ചെന്നാണ് പരാതി. ആദ്യം നടന്‍റെ പേര് വെളിപ്പെടുത്താതിരുന്ന നടി പിന്നീട് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പേര് വെളിപ്പെടുത്തി. മാധ്യമങ്ങൾക്ക് മുന്നിലും ജയസൂര്യയാണ് തന്നോട് ലൈംഗിക അതിക്രമം നടത്തിയതെന്ന് നടി വെളിപ്പെടുത്തുകയായിരുന്നു.

നടിയുടെ പരാതിയിൽ കരമന പൊലീസ് കേസെടുത്തു. കുറ്റകൃത്യം നടന്നത് തൊടുപുഴ ആയതിനാലാണ് കേസ് തൊടുപുഴയിലേക്ക് കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം