ദിലീപ് ശങ്കറിന്റെ വിയോ​ഗത്തിൽ മനംനൊന്ത് നടി സീമ ജി നായർ.

ന്തരിച്ച സിനിമാ - സീരിയൽ നടന്‍ ദിലീപ് ശങ്കറിന്റെ വിയോ​ഗത്തിൽ മനംനൊന്ത് നടി സീമ ജി നായർ. അഞ്ച് ദിവസം മുൻപ് ദിലീപിനെ വിളിച്ചതാണെന്നും വയ്യാത്തതിനാൽ അന്ന് കൂടുതൽ ഒന്നും സംസാരിക്കാൻ സാധിച്ചില്ലെന്നും സീമ പറയുന്നു. ഒരു പത്രപ്രവർത്തകൻ വിളിച്ചപ്പോഴാണ് മരണവിവരം അറിയുന്നതെന്നും സീമ പറയുന്നു. 

"5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ..അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ല..ഇപ്പോൾ ഒരു പത്ര പ്രവർത്തകൻ വിളിച്ചപ്പോളാണ് വിവരം അറിയുന്നത്..എന്താണ് ദിലീപ് നിനക്ക് പറ്റിയത് ..ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര. എന്ത് എഴുതണമെന്നു അറിയില്ല. ആദരാഞ്ജലികൾ", എന്നാണ് സീമ ജി നായർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി നടന്‍ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.

സഹപ്രവര്‍ത്തകര്‍ ഫോണില്‍ ദിലീപിനെ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. പിന്നാലെ ഇവര്‍ ഹോട്ടലിലെത്തുകയും ജീവനക്കാര്‍ മുറി നോക്കുകയുമായിരുന്നു. അപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു കരൾ രോഗത്തിന്റെ മരുന്നും ഒഴിഞ്ഞ മദ്യക്കുപ്പികളും ഇവിടെ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

വര്‍ഷങ്ങളായി അഭിനയരംഗത്ത് സജീവമായി നില്‍ക്കുന്ന നടനാണ് ദിലീപ് ശങ്കര്‍. പ്രതിനായക വേഷങ്ങള്‍ ആയിരുന്നു സീരിയലുകളില്‍ അദ്ദേഹം കൂടുതലും അഭിനയിച്ചത്. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി തുടങ്ങി ഒരുപിടി ഹിറ്റ് സീരിയലുകളിലും ദിലീപ് ഭാഗമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..