നന്ദുവിന്റെ മരണത്തിന്റെ വേദനയില്‍ നിന്നും ഇനിയും തനിക്ക് മുക്തയാവാന്‍ സാധിച്ചിട്ടില്ലെന്ന് സീമ പറയുന്നു.

ക്യാൻസർ ബാധിച്ച് മരിച്ച നന്ദു മഹാദേവയുടെ പിറന്നാള്‍ ദിനമാണ് ഇന്ന്. ഈ അവസരത്തിൽ നന്ദുവുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടി സീമ ജി നായർ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നന്ദുവിന്റെ മരണത്തിന്റെ വേദനയില്‍ നിന്നും ഇനിയും തനിക്ക് മുക്തയാവാന്‍ സാധിച്ചിട്ടില്ലെന്ന് സീമ പറയുന്നു. മകനെ പോലെ ആയിരുന്നു നന്ദുവിനെ സീമ കണ്ടിരുന്നത്.

സീമ ജി നായരുടെ വാക്കുകൾ

ഇന്ന് സെപ്റ്റംബര്‍ 4.. ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം.. അവന്‍ പോയിട്ട് 4 മാസങ്ങള്‍ ആവുന്നു.. നീ പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാള്‍ ദിനം.. അറിയാത്ത ഏതോ ലോകത്തിരുന്ന് (അല്ല,ഈശ്വരന്റെ തൊട്ടടുത്തിരുന്നു) പിറന്നാള്‍ ആഘോഷത്തിന്റെ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടാവും.. മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തില്‍ നിന്നും ഇതുവരെ മോചിതരാവാന്‍ സാധിച്ചിട്ടില്ല.എത്ര വേദനകള്‍ സഹിക്കുമ്പോളും വേദനയാല്‍ നിന്റെ ശരീരം വലിഞ്ഞു മുറുകുമ്പോളും നിന്റെ പുഞ്ചിരിക്കുന്ന മുഖമേ ഞങ്ങള്‍ കണ്ടിട്ടുള്ളു.. നിന്നെ സ്‌നേഹിച്ചവര്‍ക്കെല്ലാം വേദനകള്‍ സമ്മാനിച്ച് വേദനയില്ലാത്ത ലോകത്തേക്ക് നീ പറന്നകന്നപ്പോള്‍ ഞങ്ങള്‍ വേദനകൊണ്ട് തളരുകയായിരുന്നു. പലപ്പോളും പിടിച്ചു നില്‍ക്കുന്നത് നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ്. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണം. എന്റെ പ്രിയപ്പെട്ട മോന് യശോദമ്മയുടെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona