1965ലെ 'ചെമ്മീൻ' സിനിമയ്ക്ക് ലഭിച്ച പുരസ്കാരങ്ങളെക്കുറിച്ച് നടി ഷീല പറയുന്നു. ചിത്രത്തിലെ പ്രധാന താരങ്ങൾക്കും സംവിധായകനും നിർമ്മാതാവിനും അഞ്ച് പവൻ തൂക്കമുള്ള സ്വർണ്ണ മെഡലുകൾ ലഭിച്ചിരുന്നുവെന്ന് ഷീല പറഞ്ഞു.
മലയാളത്തിന്റെ എക്കാലത്തെയും എവർഗ്രീൻ ചിത്രമാണ് ചെമ്മീൻ. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965ൽ രാമു കാര്യാട്ട് സിനിമ എടുത്തപ്പോൾ അത് മോളിവുഡിന്റെ വലിയൊരു നാഴികകല്ലായി മാറി. മലയാളത്തിലെ ആദ്യകളർ ചിത്രമെന്ന ഖ്യാതിയുള്ള ചെമ്മീൻ വാരിക്കൂട്ടിയ അവാർഡുകൾക്ക് കയ്യും കണക്കും ഇല്ലായിരുന്നു. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം, നാഷണൽ അവാർഡ് തുടങ്ങിയവ നേടിയ ചെമ്മീൻ റിലീസ് ചെയ്തിട്ട് 60 വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴിതാ ചെമ്മീനിന് കിട്ടിയ അവാർഡുകളെ കുറിച്ച് ഷീല പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ബിഹൈൻഡ് വുഡ്സ് തമിഴിനോടായിരുന്നു ഷീലയുടെ പ്രതികരണം. 'ചെമ്മീനിന് സത്യന്‍ സാർ, എനിക്ക്, മധു സാർ, നിർമാതാവ്, സംവിധായകൻ എന്നിവർക്ക് ഗോൾഡ് മെഡൽ നൽകിയിരുന്നു. ഒരു മെഡൽ അഞ്ച് പവൻ ആണ്. അന്നത്തെ കാലത്താണ് അഞ്ച് പവർ എന്ന് ഓർക്കണം', എന്ന് ഷീല പറയുന്നു. അതിപ്പോഴും ഉണ്ടോന്ന അവതാരകയുടെ ചോദ്യത്തിന് അതെല്ലാം അപ്പോൾ തന്നെ ഉരുക്കി മാലയൊക്കെ പണിതുവെന്നും ഷീല മറുപടി നൽകി.
'ബോട്ടിന്റെ മാതൃകയിലുള്ളതായിരുന്നു അവാർഡും ചെമ്മീനിന് കിട്ടി. സ്പെഷ്യൽ അവാർഡ് ആണ്. മുഴുവനും സ്വർണത്തിലാണ് ചെയ്തിരിക്കുന്നത്. എത്രയോ പവനുണ്ട് അത്', എന്നും ഷീല കൂട്ടിച്ചേർത്തു. ചിത്രത്തിലെ 'പെണ്ണാളേ പെണ്ണാളേ' പാട്ട് ഷൂട്ട് ചെയ്യുമ്പോൾ തന്റെ മേക്കപ്പ് മായ്ച്ച് കളഞ്ഞ സങ്കടത്തിലായിരുന്നു ഇരുന്നതെന്നും ഷീല രസകരമായി പറയുന്നുണ്ട്.
മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി. പിള്ള, അടൂർ ഭവാനി, ഫിലോമിന തുടങ്ങിയ അതുല്യ പ്രതിഭകള്‍ അഭിനയിച്ച ചെമ്മീന്‍റെ തിരക്കഥ ഒരുക്കിയത് എസ്.എൽ. പുരം സദാനന്ദന്‍ ആയിരുന്നു.



