വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ശോഭന
സ്ത്രീശക്തി മോദിക്കൊപ്പം പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിനെക്കുറിച്ച് ശോഭന. ഒരു വലിയ ഫാന്‍ മൊമെന്‍റ് എന്നാണ് വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ശോഭന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കുറിച്ചത്. മോദിയുടെ നേതൃത്വത്തെ താന്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ശോഭന വേദിയില്‍ പറഞ്ഞിരുന്നു.
"വനിതാ ബില്‍ പാസ്സാക്കിയ മികച്ച നേതൃത്വത്തിന് നന്ദി. സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നതാണ് നമ്മുടെ പാരമ്പര്യമെങ്കിലും പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നതായി കാണാം. എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിതാ സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. വനിതാ സംവരണ ബില്‍ പാസാക്കിയ പ്രധാനമന്ത്രി മോദിക്ക് നന്ദി പ്രകാശിപ്പിക്കുന്നു". ഇത്രമാത്രം സ്ത്രീകളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് ആദ്യമായാണെന്നും ശോഭന പറഞ്ഞിരുന്നു.
പരിപാടിയിൽ ശോഭനയ്ക്കൊപ്പം പി ടി ഉഷ, മിന്നു മണി, ബീന കണ്ണന്‍ തുടങ്ങി നിരവധി പ്രശസ്ത വനിതകള്‍ പങ്കെടുത്തിരുന്നു. ഇതിനൊപ്പം തന്നെ പെൻഷൻ പ്രശ്നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടിയും വേദിയിലെത്തിയിരുന്നു. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നര കിലോമീറ്റർ റോഡ് ഷോ നടത്തിയാണ് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയുടെ വേദിയിലേക്ക് എത്തിയത്. മോദിക്കൊപ്പം സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവരും റോഡ് ഷോയുടെ ഭാഗമായി വാഹനത്തിലുണ്ടായിരുന്നു.
ALSO READ : ജീത്തു ജോസഫിന്‍റെ മകള്‍ കാത്തി സംവിധായികയാവുന്നു, ആദ്യ ചിത്രത്തിന്‍റെ റിലീസ് നാളെ
