ആര്യന്‍റെ അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ മുംബൈ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ(Aryan Khan) അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന്(drug case) കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചർച്ചയാണ് ബോളിവുഡിൽ(bollywood) നടക്കുന്നത്. ചിലർ ആര്യനെ പിന്തുണയ്ക്കുമ്പോൾ മറ്റുചിലർ എതിർക്കുന്നു. ഇപ്പോഴിത സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സോമി അലി(Somy Ali). ആര്യനെ വെറുതെ വിടണമെന്നും മയക്കുമരുന്നു ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും സോമി കുറിക്കുന്നു. 

സോമി അലിയുടെ വാക്കുകൾ

ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചു നോക്കാത്തത് ? ആ കുട്ടിയെ വീട്ടിൽ പോകാൻ അനുവദിക്കൂ. മയക്കുമരുന്നിന്റെ ഉപയോ​ഗവും ലൈംഗികത്തൊഴിലും ഇവിടെ നിന്നും തുടച്ചുമാറ്റാനാകില്ല. അതുകൊണ്ട് ഇവയെ നിയമപരമായ വിലക്കാതിരിക്കൂ. ആരും പുണ്യാളന്‍മാരല്ല. 15 വയസ്സുള്ളപ്പോള്‍ ഞാന്‍ കഞ്ചാവ് വലിച്ചിട്ടുണ്ട്. ആന്തോളന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ദിവ്യ ഭാരതിയ്‌ക്കൊപ്പം വീണ്ടും. എനിക്കതില്‍ കുറ്റബോധമില്ല. കൊലപാതകികളെയും ബലാത്സംഗം ചെയ്യുന്നവരെയും പിടികൂടാന്‍ നിയമ സംവിധാനങ്ങൾ ഉത്സാഹം കാണിക്കണം. 1971 മുതല്‍ മയക്കുമരുന്നിനെതിരേ അമേരിക്ക പോരാട്ടം നടത്തുകയാണ്. എന്നാൽ ഇന്നും മയക്കുമരുന്ന് ഉപയോഗിക്കാന്‍ താല്പര്യമുള്ളവർക്ക് അത് ലഭ്യമാണ്. എന്റെ ഹൃദയം ഷാരൂഖ് ഖാനും ഗൗരിക്കുമൊപ്പമാണ്. ആര്യന്‍, നീ തെറ്റൊന്നും ചെയ്തിട്ടില്ല. നിനക്ക് നീതി ലഭിക്കും.

View post on Instagram

അതേസമയം, ആര്യന്‍റെ അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ മുംബൈ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കേസില്‍ അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്‍റ്, മുണ്‍മൂണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. മൂവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ആര്യന്‍ ഖാനെയും അര്‍ബാസ് മര്‍ച്ചന്‍റിനെയും ആര്‍തര്‍ റോഡ് ജയിലിലും മുണ്‍മൂണ്‍ ധമേച്ച ബൈക്കുള വനിതാ ജയിലിലുമാവും പാര്‍പ്പിക്കുക.

അതിനിടെ ആര്യൻഖാനെതിരായ മയക്കുമരുന്ന് കേസ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോരിലേക്ക് നീങ്ങിയിട്ടുണ്ട്. ആര്യനെ കുടുക്കിയതാണെന്നും പിന്നിൽ ബിജെപിയാണെന്നും മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ചില തെളിവുകൾ സഹിതം ആരോപിച്ചിരുന്നു. കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്ന വാദവുമായി പ്രതിരോധം തീർക്കുകയാണ് ബിജെപി.