നാടകവേദിയിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ ശ്രീപാർവതി, മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'പേട്രിയറ്റ്' എന്ന സിനിമയിലെ പ്രകടനത്തിലൂടെ കയ്യടി നേടുന്നു.
കോഴിക്കോടൻ നാടകക്കുട്ടി തന്റെ ആരാധനാ പാത്രങ്ങളായ മമ്മൂക്കയോടും, ലാലേട്ടനോടും, നയൻതാരയോടും കൂടെ അഭിനയിച്ച ആവേശത്തിലാണ്.പേട്രിയറ്റ് സിനിമയിലെ കഥാഗതിയിൽ പ്രധാന കണ്ണിയായി അഭിനയിച്ച ശ്രീപാർവതി അടിമുടി നാടകക്കാരിയാണ്. നാടകം കണ്ടിട്ട് കൂടിയാണ് സംവിധായകൻ മഹേഷ് നാരായണൻ തന്റെ സുഹൃത്തായ തിരക്കഥാകൃത്ത് സനിലേഷ് ശിവനോട് കുട്ടിയെ ഓഡിഷന് അയക്കാൻ പറയുന്നത്. കോഴിക്കോട് ജില്ലയിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കൂടിയായ ശിവദാസ് പൊയിൽക്കാവ് എഴുതി സംവിധാനം ചെയ്ത ഓസ്കാർ പുരുഷു, കെയർ ഓഫ് പൊട്ടക്കുളം എന്നീ നാടകങ്ങളിൽ അഭിനയിച്ച ശ്രീപാർവതി കുട്ടിക്കാലം മുതൽ അഭിനയ രംഗത്ത് ഉണ്ട്. പൂക്കാട് കലാലയത്തിന്റെ ബാല നാടക വേദിയിലൂടെയാണ് അരങ്ങിലെത്തുന്നത്. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. പൂക്കാട് മേലെടുത്ത് സന്തോഷിന്റെയും ബിനിലയുടെയും മകളാണ്. ശ്രീപാർവ്വതിയുടെ സഹോദരി ശ്രീലക്ഷ്മിയും നാടക ചലച്ചിത്ര നടിയാണ്.

അതേസമയം മമ്മൂട്ടിയും മോഹൻലാലും പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രം കൂടിയാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി, ഷെറിൻ ശിഹാബ്, ഗ്രേസ് ആന്റണി, ദർശന രാജേന്ദ്രൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
വലിയ ക്യാൻവാസിൽ ഒരുങ്ങിയ ചിത്രം കളക്ഷനിലും മികച്ച മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.


