Asianet News MalayalamAsianet News Malayalam

താരപുത്രിയായിട്ടും പലരും ദുരുദ്ദേശത്തോടെ സമീപിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് വരലക്ഷ്മി

താരപുത്രിയായിട്ടു പോലും അത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഞാനും നേരിട്ടിട്ടുണ്ട്. ദുരുദ്ദേശപരമായി സമീപിച്ചവരോട് നോ പറഞ്ഞിട്ടുണ്ട്. അങ്ങനെ സമീപിച്ചവരുമായുള്ള ഫോണ്‍ റെക്കോഡുകള്‍ തന്റെ കൈവശമുണ്ടെന്നും വരലക്ഷ്മി ശരത്കുമാർ പറഞ്ഞു.

actress Varalakshmi Sarathkumar reveals casting couch experiences
Author
Chennai, First Published Mar 2, 2020, 5:36 PM IST

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടുപോലും പല സംവിധായകരും നിർമ്മാതാക്കളും നടൻമാരും ദുരുദ്ദേശത്തോടെ തന്നെ സമീപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി വരലക്ഷ്മി ശരത്കുമാര്‍. കാസ്റ്റിങ് കൗച്ചിങ്ങിനെക്കുറിച്ച് തുറന്ന് പറയാൻ മടിക്കരുതെന്നും ഇത്തരം മൃഗങ്ങളെ സ്ത്രീകള്‍ തുറന്നു കാണിക്കണമെന്നും വരലക്ഷ്മി പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വരലക്ഷ്മിയുടെ തുറന്നുപറച്ചിൽ.

വേട്ടയാടാന്‍ വരുന്നവരെ സമൂഹത്തിനു മുന്നില്‍ സ്ത്രീകള്‍ തന്നെ തുറന്നു കാട്ടണം. അവസരങ്ങള്‍ നഷ്ടപ്പെടുമെന്നു കരുതി അതു ചെയ്യാതിരിക്കരുത്. താരപുത്രിയായിട്ടു പോലും അത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഞാനും നേരിട്ടിട്ടുണ്ട്. ദുരുദ്ദേശപരമായി സമീപിച്ചവരോട് നോ പറഞ്ഞിട്ടുണ്ട്. അങ്ങനെ സമീപിച്ചവരുമായുള്ള ഫോണ്‍ റെക്കോഡുകള്‍ തന്റെ കൈവശമുണ്ട്. അത്തരം സംഭാഷണങ്ങള്‍ക്കൊടുവില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് താന്‍ ഒരുക്കമല്ലെന്ന് തീര്‍ത്തു പറഞ്ഞിട്ടുണ്ടെന്നും വരലക്ഷ്മി പറഞ്ഞു. ആളുകളെ തുറന്നുകാട്ടിയാൽ അവസരങ്ങൾ നഷ്ടപ്പെടില്ലേയെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു വരലക്ഷ്മി.

അതിനുശേഷം അത്തരം സിനിമകളില്‍ അഭിനയിക്കേണ്ടെന്ന് താന്‍ തീരുമാനിച്ചു. അത്തരമൊരു തീരുമാനമെടുത്തതോടെ മോശം സമീപനങ്ങളോട് പറ്റില്ല എന്ന് പറയാന്‍ പഠിച്ചു. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നുപറഞ്ഞതിന്‍റെ പേരില്‍ പലരും സിനിമാ മേഖലയില്‍ തന്നെ വിലക്കിയിട്ടുണ്ട്. പക്ഷെ ഇന്ന് ഞാന്‍ 25 സിനിമകള്‍ ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കുന്നു. 25 നല്ല നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഒപ്പം പ്രവർത്തിച്ചു. ഈയ്യടുത്താണ് ഞാനെന്റെ 29-ാമത്തെ സിനിമയുടെ കരാറില്‍ ഒപ്പു വച്ചത്. താൻ വളരെയധികം സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേർത്തു.

ചില സ്ത്രീകൾ കാസ്റ്റിംഗ് കൗച്ചിനോട് അനുകൂലമായി പ്രതികരിക്കുകയും അവസരം ലഭിക്കാതാകുമ്പോൾ പരാതിപ്പെടുകയും ചെയ്യാറുണ്ട്. വിട്ടുവീഴ്ച ചെയ്യാൻ ആരെങ്കിലും സമീപിച്ചാല്‍ പറ്റില്ലെന്നു പറഞ്ഞു മുന്നോട്ടുപോകണമെന്നാണ് തന്‍റെ അഭിപ്രായം. തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. ആരെയും മുൻവിധിയോടെ കാണുകയല്ല. കാരണം അങ്ങനെയൊരു തീരുമാനമെടുക്കാന്‍ ധൈര്യം ആവശ്യമാണ്. മാനസികമായി നല്ല കരുത്ത് വേണം. അത്തരം ഓഫറുകൾ നിരസിച്ചാലും പൊരുതി മുന്നേറാം. താന്‍ ചെയ്ത പോലെയെന്നും വരലക്ഷ്മി പറയുന്നു.
 

Follow Us:
Download App:
  • android
  • ios