Asianet News MalayalamAsianet News Malayalam

'ആദിപുരുഷി'ന്റെ ടീസര്‍ ഒക്ടോബര്‍ രണ്ടിന്, റിലീസ് അയോധ്യയില്‍

സംവിധായകൻ ഓം റൗട്ട് തന്നെയാണ് റിലീസ് തിയ്യതി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

 

Adipurush teaser and first poster will be launched on october 2
Author
First Published Sep 27, 2022, 4:09 PM IST

'ആദിപുരുഷി'ന്റെ പ്രഖ്യാപനം തൊട്ടേ ആരാധകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയാണ് 'ആദിപുരുഷ്' ഒരുങ്ങുക. പ്രഭാസ് നായകനായി എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. 2023 ജനുവരി 22ന് റിലീസ് പ്രഖ്യാപിച്ചിട്ടുള്ള 'ആദിപുരുഷി'ന്റെ ടീസറിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്.

'ആദിപുരുഷി'ന്റെ ടീസര്‍ ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 'ആദിപുരുഷിന്റെ ടീസറും പോസ്റ്ററും ഒക്ടോബര്‍ രണ്ടിന് പുറത്തുവിടുമെന്ന് ഇന്ന് സംവിധായകൻ ഓം റൗട്ട് തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. അയോധ്യയില്‍ സരയൂവിന്റെ തീരത്തുവെച്ചായിരിക്കും ടീസര്‍ റിലീസ്. 'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്.

നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൻ ബജറ്റിലാണ് പ്രഭാസ് ചിത്രം ഒരുങ്ങുക എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. 'സലാര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. 'കെജിഎഫി'ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.  രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More: തിയറ്ററുകളില്‍ വിജയക്കൊടി പാറിച്ച 'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios