വ്യാജ ബലാത്സംഗ കേസിൽ തന്നെപ്പെടുത്തുമോയെന്ന ഭയം കാരണമാണ് കങ്കണയ്ക്കെതിരെ വീണ്ടും പരാതി നൽകിയതെന്ന് ആദിത്യ പഞ്ചോളി പറഞ്ഞു.
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതി നൽകി ആദിത്യ പഞ്ചോളി. വ്യാജ ബലാത്സംഗ കേസിൽ തന്നെപ്പെടുത്തുമോയെന്ന ഭയം കാരണമാണ് കങ്കണയ്ക്കെതിരെ വീണ്ടും പരാതി നൽകിയതെന്ന് ആദിത്യ പഞ്ചോളി പറഞ്ഞു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കങ്കണയ്ക്കെതിരെ ജനുവരിയിൽ ആദിത്യ പഞ്ചോളി പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടിക്കെതിരെ വീണ്ടും മുംബൈ പൊലീസിൽ ആദിത്യ പഞ്ചോളി പരാതി നൽകിയത്.
പതിനാറാം വയസ്സില്‍ തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്ന കങ്കണയുടെ വെളിപ്പെടുത്തൽ വലിയ കോളിളക്കമാണ് ചലച്ചിത്ര ലോകത്ത് സൃഷ്ടിച്ചത്. ഒരു ടെലിവിഷന്‍ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് കങ്കണയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കങ്കണ മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കങ്കണ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപിച്ചാണ് ആദിത്യ പഞ്ചോളി ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. കങ്കണയുടെ അഭിഭാഷകന്‍ റിസ്‌വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തിയതായും ആദിത്യ പഞ്ചോളി പരാതിയിൽ ആരോപിക്കുന്നു. ഇതിന് തെളിവായി റിസ്‌വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും ആദിത്യ പഞ്ചോളി പൊലീസിന് കൈമാറിയിട്ടുണ്ട്. കങ്കണയ്ക്കും കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍, റിസ്‌വാന്‍ സിദ്ദിഖി എന്നിവർക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആദിത്യ പഞ്ചോളി പൊലീസിനോട് ആവശ്യപ്പെട്ടു.
