ഗോവയില്‍ ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ അന്‍പതാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ക്ഷണം ലഭിക്കാത്തതിനെക്കുറിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. താന്‍ അവര്‍ക്ക് അസ്വീകാര്യനും അനഭിമതനുമാണെന്നും സിനിമയെക്കുറിച്ച് ഒന്നുമറിയാത്ത ഉദ്യോഗസ്ഥരാണ് ഇതൊക്കെ നടത്തുന്നതെന്നും അടൂര്‍ പറഞ്ഞു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് അടൂരിന്റെ പ്രതികരണം.

'എനിക്ക് കിട്ടിയ വിവരമനുസരിച്ച് അവര്‍ ക്ഷണിച്ചിട്ടുള്ളത് അമിതാഭ് ബച്ചനെയും രജനീകാന്തിനെയുമാണ്. അവരെയൊക്കെയാണല്ലോ ഇത്തരമൊരു മേളയ്ക്ക് ക്ഷണിക്കേണ്ടത്. ആരുടെയും പിടിയില്‍ നില്‍ക്കുന്ന ആളല്ല ഞാന്‍. ആരുടെയും സ്വാധീനത്തിന് വഴങ്ങുകയുമില്ല. ഞാനെന്റെ സ്വന്തം കാലിലാണ് നില്‍ക്കുന്നത്. എന്നെ വിളിക്കാത്തതില്‍ എനിക്ക് ഒരു നഷ്ടവുമില്ല. അവര്‍ക്കാണ് നഷ്ടം', അടൂര്‍ പറഞ്ഞു.

ഐഎഫ്എഫ്‌ഐ 2019ല്‍ ഫീച്ചര്‍ ഫിലിം ജൂറി ചെയര്‍മാന്‍ സംവിധായകന്‍ പ്രിയദര്‍ശനാണ്. ഫീച്ചര്‍, നോണ്‍ഫീച്ചര്‍ വിഭാഗങ്ങളില്‍ നിന്നായി അഞ്ച് മലയാള സിനിമകള്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ സുവര്‍ണജൂബിലി എഡിഷന്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് നടക്കുക.