കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‍സിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‍ണന്‍ നിയമിതനായി. നിലവിലെ അധ്യക്ഷന്‍ ആര്‍ ഹരികുമാര്‍ നിയമനക്കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. 

സിനിമാ, ദൃശ്യകലാ രംഗങ്ങളിലെ പരിശീലനത്തിനും പഠന ഗവേഷണങ്ങള്‍ക്കുമായി കേരള സര്‍ക്കാര്‍ സ്ഥാപിച്ച കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി അടൂര്‍ ഗോപാലകൃഷ്‍ണന്‍ സ്ഥാനമേല്‍ക്കുന്നതിലൂടെ സ്ഥാപനം ആദരിക്കപ്പെട്ടതായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. ഇതിലൂടെ സ്ഥാപനത്തെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ നിര്‍ണ്ണായക ചുവടുവെപ്പ് നടത്തിയതായും മന്ത്രി പറഞ്ഞു. 

സിനിമാ, ടെലിവിഷന്‍ മേഖലകളില്‍ ലോകോത്തര നിലവാരമുള്ള കലാകാരന്മാരെയും സാങ്കേതിക വിദഗ്‍ധരെയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2016ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ചതാണ് കെ ആര്‍ നാരായണന്‍റെ പേരിലുള്ള സ്ഥാപനം. കോട്ടയം ജില്ലയിലെ അകലകുന്നം പഞ്ചായത്തിലെ തെക്കുംതലയിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്.