തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടൻ വിജയ് ബാബുവിന്റെ ലൈവിൽ കണ്ടതെന്ന് വീണ പറയുന്നു.
തനിക്കെതിരായ ബലാല്‍സംഗക്കേസിന് ആധാരമായ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിജയ് ബാബു (Vijay Babu) നടത്തിയ ഫേസ്ബുക്ക് ലൈവിനെതിരെ അഡ്വ. വീണ എസ് നായർ(Adv Veena S Nair). തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടൻ വിജയ് ബാബുവിന്റെ ലൈവിൽ കണ്ടതെന്ന് വീണ പറയുന്നു.
പരാതി നൽകിയ പെൺകുട്ടിയുടെ ഐഡന്റിറ്റി പൊതു സമൂഹത്തിന് ഇട്ടെറിഞ്ഞു കൊടുത്ത് അവളെ സൈബർ ഇടങ്ങളിൽ അടക്കം കപട സദാചാരത്തിന്റെ ചെന്നായിക്കൂട്ടങ്ങൾ പിച്ചിച്ചീന്തുന്നത് കണ്ടു രസിക്കാൻ തയ്യാറെടുക്കുന്ന വിജയ് ബാബുവിനെ പോലുള്ള ആളുകൾ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും വീണ എസ് നായർ ഫേസ്ബുക്കിൽ കുറിച്ചു.
വീണ എസ് നായരുടെ വാക്കുകൾ
ഒരു നടി ഒരു നടനെതിരെ പീഡനത്തിനു പരാതി നൽകുന്നു. ആ നടൻ "ഇര താനാണ്" എന്ന വിചിത്ര വാദവുമായി പരാതി നൽകിയ നടിയുടെ പേര് വെളിപ്പെടുത്തുന്നു. എന്തൊരു ആഭാസമാണിത്. തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടൻ വിജയ് ബാബുവിന്റെ ലൈവിൽ കണ്ടത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 228എ പ്രകാരം ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റമാണ്. താൻ ചെയ്യുന്നത് കുറ്റമാണ് എന്നറിഞ്ഞുകൊണ്ട് ആ കുറ്റം ചെയ്യുന്നത് നിയമ വ്യവസ്ഥയോട് കൊഞ്ഞനം കുത്തുന്ന നടപടിയാണ്. നടി നൽകിയ പരാതി പോലീസ് അന്വേഷിക്കട്ടെ, വിജയ് ബാബു കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.
എന്നാൽ പരാതി നൽകിയ പെൺകുട്ടിയുടെ ഐഡന്റിറ്റി പൊതു സമൂഹത്തിന് ഇട്ടെറിഞ്ഞു കൊടുത്ത് അവളെ സൈബർ ഇടങ്ങളിൽ അടക്കം കപട സദാചാരത്തിന്റെ ചെന്നായിക്കൂട്ടങ്ങൾ പിച്ചിച്ചീന്തുന്നത് കണ്ടു രസിക്കാൻ തയ്യാറെടുക്കുന്ന വിജയ് ബാബുവിനെ പോലുള്ള ആളുകൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇല്ലെങ്കിൽ അത് പൊതു സമൂഹത്തിനു നൽകുന്നത് തെറ്റായ സന്ദേശമായിരിക്കും.
Read Also; Vijay Babu : വിജയ് ബാബു ഒളിവിൽ, പരാതിക്ക് പിന്നാലെ കടന്നു കളഞ്ഞു; അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ്
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണാത്തത് വിജയ് ബാബുവിനെ പോലെ നിരവധി പേർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല എന്നാണ് ഈ സംഭവത്തിൽ നിന്നും മനസിലാക്കുന്നത്.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ തയ്യാറാകണം. സമൂഹത്തിൽ മാന്യന്മാരായി നടക്കുന്ന കള്ള നാണയങ്ങളെ ജനങ്ങൾ തിരിച്ചറിയട്ടെ. Justice shall prevail even if heaven falls. ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാക്കണം. അതിനാവട്ടെ നമ്മുടെ പോരാട്ടം.
ഡബ്ല്യുസിസിയുടെ പ്രതികരണം
"മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു. കമ്മറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണൽ സമവാക്യങ്ങളുടെയും പ്രൊഫഷണൽ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവർത്തിക്കുന്നു. തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു. അധികാരികളോട് കർശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യർത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാർദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു."
