മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത  ദൃശ്യം 2ണ് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഭാഷകളുടെ അതിർ വരമ്പുകളെ ഭേദിച്ചും ചിത്രത്തിന് അഭിനന്ദനങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ പ്രശസ്ത ആഫ്രിക്കൻ ബ്ലോഗർ ഫീഫി അദിന്‍ക്രാ ട്വിറ്ററിലൂടെ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്.

ലോക പ്രശസ്ത വെബ് സീരിസായ മണി ഹെയ്സ്റ്റിലെ പ്രൊഫസര്‍ എന്ന കഥാപാത്രത്തെ മറന്നുകൊള്ളാനും പ്രൊഫസറേക്കാള്‍ ജീനിയസാണ് ദൃശ്യത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടിയെന്നുമാണ് ഫീഫി അദിന്‍ക്രാ ട്വീറ്റ് ചെയ്തിരിക്കുന്നത്. ദൃശ്യം 3 വരാനായി താൻ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 19നായിരുന്നു ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായി ക്ലൈമാക്‌സ് മനസിലുണ്ടെന്നും അത് മോഹന്‍ലാലിന് ഇഷ്ടമായെന്നും ജീത്തു പറഞ്ഞിരുന്നു. കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച് നടന്ന പ്രസ് മീറ്റിലായിരുന്നു അദ്ദേഹം ദൃശ്യം 3നെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നത്.