പഴയ മലയാളചിത്രം 'കാഴ്ച'യിലെ കഥാപാത്രങ്ങളെ പുതിയ കാലത്തിലേക്ക് എത്തിക്കുന്ന ഒരു എഐ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഭാവനയില്‍ കാണുന്നത് എന്തും വിഷ്വലി യാഥാര്‍ഥ്യമാക്കാനുള്ള അനായാസത എഐ നല്‍കുന്നുണ്ട്. അതിനാല്‍ത്തന്നെ സിനിമാ താരങ്ങളുടെയും മറ്റും കുട്ടിക്കാലത്തെ വീഡിയോകളും നടക്കാത്ത കൂടിച്ചേരലുകളുമൊക്കെ രസകരമായ വീഡിയോകളായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ രസകരമായ ഒരു വീഡിയോ സിനിമാപ്രേമികള്‍ക്കിടയില്‍ വൈറല്‍ ആവുകയാണ്. പഴയ മലയാള ചിത്രം കാഴ്ചയിലെ കഥാപാത്രങ്ങളെ പുതിയ കാലത്തിലേക്ക് പറിച്ചുനട്ടുള്ളതാണ് വീഡിയോ. മമ്മൂട്ടിയുടെ മാധവനെയും യഷ് ഗവ്‍ലി അവതരിപ്പിച്ച കൊച്ചുണ്ടാപ്രിയെയും സനുഷയുടെ അമ്പിളിയെയുമൊക്കെ കാലം ഏല്‍പ്പിച്ച മാറ്റങ്ങളോടെ ഈ വീഡിയോയില്‍ കാണാം. സിഗ്നേച്ചര്‍ ബൈ ആനന്ദ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും 1600 ല്‍ അധികം കമന്‍റുകളും ഈ പേജില്‍ത്തന്നെ പ്രസ്തുത വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി ആരാധകരുടെ പല സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ഈ വീഡിയോ പ്രചരിക്കുന്നുമുണ്ട്.

മനസ് നിറച്ച 'കാഴ്ച'

പ്രശസ്ത സംവിധായകന്‍ ബ്ലെസിയുടെ അരങ്ങേറ്റ സംവിധാന സംരംഭമായിരുന്നു 2004 ല്‍ പുറത്തിറങ്ങിയ കാഴ്ച. കുട്ടനാട് ആയിരുന്നു സിനിമയുടെ കഥാപശ്ചാത്തലം. മൂവി പ്രൊജക്റ്റര്‍ ഓപറേറ്റര്‍ മാധവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ വേറിട്ട വേഷങ്ങളില്‍ ഒന്നുമായിരുന്നു ഇത്. 2001 ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട പവന്‍ എന്ന കുട്ടി മാധവന്‍റെയും കുടുംബത്തിന്‍റെയും ജീവിതത്തിലേക്ക് എത്തുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട്. വേഗത്തില്‍ പവനുമായി അടുക്കുന്ന മാധവനും കുടുംബത്തിനും തുടര്‍ന്ന് അവനെ വളര്‍ത്തണമെന്നുണ്ട്. എന്നാല്‍ ബ്യൂറോക്രസി അതിന് തടസം നില്‍ക്കുന്നതായി ചിത്രീകരിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

View post on Instagram

അതിനാല്‍ത്തന്നെ ഈ വീഡിയോയ്ക്ക് താഴെ ആഹ്ലാദപൂര്‍വ്വമായ പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും എത്തുന്നത്. ചിത്രം ഉണ്ടാക്കിയ ട്രോമ ഇപ്പോഴാണ് മാറിക്കിട്ടിയതെന്നും ഇങ്ങനെ ഒരു ക്ലൈമാക്സ് ആണ് ആഗ്രഹിച്ചിരുന്നതെന്നുമൊക്കെ കമന്‍റുകള്‍ വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രം ആ വര്‍ഷത്തെ നാല് സംസ്ഥാന പുരസ്കാരങ്ങളും നേടിയിരുന്നു. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രം ബ്ലെസിക്ക് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും നേടിക്കൊടുത്തു. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സനുഷയ്ക്കും യഷിനും ലഭിച്ചിരുന്നു. ജനപ്രിയതയും കലാമേന്മയുമുള്ള ആ വര്‍ഷത്തെ ചിത്രവും കാഴ്ച തന്നെ ആയിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming