ബോളിവുഡ് താരം ഷാരൂഖ് ഖാൻ വന്‍ സഹകരണത്തിന് ഒരുങ്ങുന്നു. 'കിംഗ്' എന്ന ചിത്രത്തിന് ശേഷം ഈ പുതിയ പ്രോജക്ട് 

ഹൈദരാബാദ്: ബോളിവുഡിന്റെ സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കിംഗ്'ന്റെ തിരക്കിലാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസത്തിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഒരു ആക്ഷന്‍ ഇമോഷണല്‍ ത്രില്ലറാണ് ചിത്രം എന്നാണ് വിവരം. 2023ലെ ഡങ്കിക്ക് ശേഷം ഷാരൂഖ് ഒരു വലിയ ഇടവേളയിലായിരുന്നു.

അതേ സമയം പ്രമുഖ തെലുങ്ക് നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സുമായി സഹകരിക്കാൻ ഷാരൂഖ് ഖാന്‍ ഒരുങ്ങുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പിങ്ക്‌വില്ലയുടെ എക്സ്ക്ലൂസീവ് റിപ്പോർട്ട് പ്രകാരം, ഇത്തരം ഒരു പ്രൊജക്ട് സംബന്ധിച്ച ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നാണ് വിവരം.

2025 മെയ് 18ന് ചിത്രീകരണം ആരംഭിച്ച കിംഗ് എന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ രാഘവ് ജുരൽ, സൗരഭ് ശുക്ല തുടങ്ങിയ താരങ്ങൾ ഷാറൂഖിനൊപ്പം അണിനിരക്കുന്നു. 'കിംഗ്' ഒരു ആഗോള ആക്ഷൻ വിരുന്നായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സുനൈന ഖാന്‍ ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അതേ സമയം എക്സില്‍ വൈറലായ ചില പോസ്റ്റുകൾ പ്രകാരം 'പുഷ്പ 2' പോലുള്ള ബ്ലോക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സ്, ഷാറൂഖ് ഖാനുമായി ഒരു വൻ ബജറ്റ് ചിത്രത്തിനായി ചർച്ചകൾ നടത്തുന്നുണ്ട് എന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. പ്രശസ്ത സംവിധായകൻ സുകുമാർ ഈ പ്രോജക്ടിന്റെ ഭാഗമാകും എന്നും സൂചനകളുണ്ട്. എന്നാൽ, ഈ സഹകരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

"ഷാറൂഖ് ഖാനും മൈത്രിയും ഒന്നിക്കുന്നത് ബോളിവുഡിനും തെലുങ്ക് സിനിമയ്ക്കും അതിർവരമ്പുകൾ ഇല്ലാതാക്കും. 'കിംഗ്'ന് ശേഷം ഈ പുതിയ പ്രോജക്ട് ആഗോള ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കും" ഒരു വൃത്തത്തെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.

നിലവിൽ, 'കിംഗ്'ന്റെ ചിത്രീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഷാറൂഖ്, 2026 ജനുവരി വരെ ഈ പ്രോജക്ടിന്റെ തിരക്കിലായിരിക്കും എന്നാണ് വിവരം. അതിന് ശേഷം തെലുങ്ക് നിര്‍മ്മാതാക്കളുമായി ചെയ്യുന്ന പ്രൊജക്ട് ഉറപ്പായാല്‍ അത് ചെയ്യും എന്നാണ് വിവരം.