ഷാരൂഖ് ഖാൻ, പ്രഭാസ്, രജനികാന്ത്, ദളപതി വിജയ് തുടങ്ങിയ താരങ്ങളെ പിന്തള്ളി ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രം ദേവര: പാർട്ട് 1 യുഎസിൽ അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡ് സൃഷ്ടിച്ചു. 

ഹൈദരാബാദ്: ഷാരൂഖ് ഖാൻ, പ്രഭാസ്, രജനികാന്ത്, ദളപതി വിജയ് എന്നിവരെല്ലാം ഇന്ത്യന്‍ സിനിമയിലെ അതികായന്മാരാണ് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുണ്ട് ഇവര്‍ക്ക്. അതിനാല്‍ തന്നെ അവരുടെ സിനിമകൾ ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും, പ്രത്യേകിച്ച് അമേരിക്കയിലും മികച്ച ബോക്സ് ഓഫീസ് പ്രകടനം നടത്താറുണ്ട്. എന്നാല് ഇവരെയെല്ലാം മറികടന്ന് ഒരു നടന്‍റെ ചിത്രം യുഎസിലെ അഡ്വാന്‍സ് ബുക്കിംഗില്‍ റെക്കോ‍ഡ് ഇട്ടിരിക്കുകയാണ്. 

വരാനിരിക്കുന്ന ദേവര: പാര്‍ട്ട് 1 എന്ന ചിത്രത്തിലൂടെ ജൂനിയർ എൻടിആർ ആണ് ഈ റെക്കോഡ് നേടിയിരിക്കുന്നത്. ജാൻവി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ടോളിവുഡില്‍ നിന്നുള്ള മാസ് ആക്ഷന്‍ ചിത്രത്തിന്‍റെ യുഎസ് പ്രീസെയില്‍ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. യുഎസിൽ 15,000-ത്തിലധികം ടിക്കറ്റുകളാണ് ചിത്രത്തിന്‍റെ പ്രീമിയർ പ്രീ-സെയിലിന്‍റെ വിറ്റുപോയത് കൽക്കി 2898 എഡി, സലാർ തുടങ്ങിയ സിനിമകളെ പിന്തള്ളി 5 ലക്ഷം ഡോളറാണ് ഇതിലൂടെ ചിത്രം നേടിയത്. 

കൊരട്ടാല ശിവ സംവിധാനം ചെയ്ത, ദേവര കൽക്കി 2898 എഡി റിലീസിന് മുമ്പ് 20 ദിവസം കൊണ്ട് 134,479 ഡോളർ നേടിയ റെക്കോഡും, 356,612 ഡോളർ നേടിയ സലാറിന്‍റെ റെക്കോഡും മറികടന്നു. 

അതേ സമയം 2024 സെപ്തംബർ 10 ന് ദേവരയുടെ തിയറ്റർ ട്രെയിലർ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിച്ച ദേവരയിലെ 'ദാവൂദി' എന്ന ഫാസ്റ്റ് നമ്പറിന്‍റെ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. നായകനായ ജൂനിയര്‍ എന്‍ടിആറും, ജാന്‍വി കപൂറും മത്സരിച്ചുള്ള ഡാന്‍സ് രംഗമാണ് വീഡിയോയില്‍. നേരത്തെ ഇറങ്ങിയ സ്ലോ നമ്പറായ പുട്ടാല വന്‍ വിജയം നേടിയിരുന്നു. 

ആഗോള ശ്രദ്ധയും വന്‍ വിജയവും നേടിയ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്ന ചിത്രമാണിത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധായകന്‍റേത് തന്നെയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു. 

'രാധ-കൃഷ്ണ ബന്ധത്തെ മോശമായി കാണിച്ചു' : വിമര്‍ശനം കടുത്തു, ഏയറിലായ പോസ്റ്റ് വലിച്ച് തമന്ന

'ഭാരിച്ച ദുഖത്തോടെ ഇത് അറിയിക്കുന്നു': കങ്കണയുടെ പ്രഖ്യാപനം, ഭരണപക്ഷ എംപിക്ക് ഇതോ അവസ്ഥയെന്ന് ഫാന്‍സ് !