സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം
അഖില്‍ അക്കിനേനിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തെലുങ്ക് സിനിമയില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഏജന്‍റ്. മമ്മൂട്ടിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കേണല്‍ മഹാദേവന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കേരളത്തിലെ പ്രൊമോഷന് തുടക്കമിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇതിന്‍റെ തുടക്കമെന്നോളം കോഴിക്കോട്ട് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ 50 അടി ഉയരത്തിലുള്ള കട്ട്ഔട്ട് ഉയര്‍ത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാരായ യൂലിന്‍ പ്രൊഡക്ഷന്‍സ്. കേഴിക്കോട് എ ആര്‍ സി കോറണേഷന്‍ തിയറ്ററിലാണ് കട്ട്ഔട്ട് സ്ഥാപിച്ചിരിക്കുന്നത്.
ചടങ്ങിൽ യൂലിൻ പ്രൊഡക്ഷൻസ് സാരഥികളായ അഖിൽ മുരളി, ആഷിക് മുരളി എന്നിവരും ഓൾ കേരള മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു. മാസ് ആക്ഷന്‍ ചിത്രമാണ് ഏജന്‍റ്. ചിത്രത്തിന്‍റെ പ്രൊമോഷണല്‍ ഇന്റർവ്യൂവിൽ അഖിൽ അക്കിനേനി മമ്മൂട്ടിയെക്കുറിച്ചു പങ്കുവച്ച കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. റോ ചീഫ് ആണ് മമ്മൂട്ടിയുടെ കഥാപാത്രമെന്നും അദ്ദേഹത്തിന്‍റെ ടീമില്‍ ഉള്ളതാണ് തന്‍റെ കഥാപാത്രമെന്നും തങ്ങള്‍ ഒരുമിച്ചുള്ള ഒരുപാട് ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടെന്നും അഖില്‍ പറഞ്ഞിരുന്നു. തെലുങ്കിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഏപ്രിൽ 28 ന് മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും.
സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ് ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ഈ ചിത്രം എ കെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഒ: പ്രതീഷ് ശേഖർ.
ALSO READ : 'രോമാഞ്ചം' മാത്രമല്ല; ഒടിടിയില്‍ എത്തിയ പുതിയ മലയാള സിനിമകള്‍
