വിതരണക്കാരനും നിര്‍മ്മാതാവിനുമിടയിലുള്ള തര്‍ക്കം

തെലുങ്ക് യുവതാരം അഖില്‍ അക്കിനേനിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയ ചിത്രമാവുമെന്ന് കരുതപ്പെട്ടിരുന്ന സിനിമയായിരുന്നു ഏജന്‍റ്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഏജന്‍റില്‍ മമ്മൂട്ടിയും ഒരു ശ്രദ്ധേയ വേഷത്തില്‍ എത്തിയിരുന്നു. 2023 ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം പക്ഷേ വിജയിച്ചില്ലെന്ന് മാത്രമല്ല, വന്‍ പരാജയമാവുകയും ചെയ്തു. ബിഗ് ബജറ്റില്‍ എത്തിയ ചിത്രം നിര്‍മ്മാതാവിന് 80 കോടിയോളം നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. തിയറ്റര്‍ റിലീസിന് ഒരു വര്‍ഷത്തോളമാവുമ്പോഴും ചിത്രം ഇനിയും ഒടിടിയില്‍ എത്തിയിട്ടില്ല. നിയമക്കുരുക്കാണ് കാരണം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് അനില്‍ സുങ്കര.

വിശാഖപട്ടണം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിതരണക്കാരന്‍ ബട്ടുല സത്യനാരായണ നിര്‍മ്മാതാവ് അനില്‍ സുങ്കരയ്ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. തെലുങ്ക് സംസ്ഥാനങ്ങളിലെ ചിത്രത്തിന്‍റെ വിതരണാവകാശം നേടിയിരുന്നത് സത്യനാരായണ ആയിരുന്നു. എന്നാല്‍ മിക്ക ഭാഗങ്ങളിലും തങ്ങള്‍ക്ക് ചിത്രം ലഭ്യമാക്കിയിരുന്നില്ലെന്നും അത് മൂലമുണ്ടായ നഷ്ടം നികത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് വിതരണക്കാരന്‍ നിര്‍മ്മാതാവിനെതിരെ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിലാണ് അനില്‍ സുങ്കര ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ഏത് തരം ബിസിനസ് ആയാലും ലാഭനഷ്ടങ്ങള്‍ ഒരുപോലെ സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറാവണമെന്ന് അനില്‍ സുങ്കര പറയുന്നു. "എന്‍റെ സിനിമയില്‍ നിക്ഷേപം നടത്തിയിട്ട് മറ്റുള്ളവര്‍ക്ക് പണം നഷ്ടപ്പെടുന്നതില്‍ എനിക്ക് കുറ്റബോധം തോന്നാറുണ്ട്. എന്നാല്‍ സാമ്പ്രദായികമായി വിതരണക്കാര്‍ക്ക് ഉണ്ടാവുന്ന നഷ്ടം നികത്തേണ്ട ബാധ്യത നിര്‍മ്മാതാക്കള്‍ക്ക് ഇല്ല. ഏജന്‍റിനെ സംബന്ധിച്ച് വികരണക്കാരന് ഉണ്ടായതുപോലെയുള്ള നഷ്ടം നിര്‍മ്മാതാവായ എനിക്കും ഉണ്ടായിട്ടുണ്ട്. ഏത് ബിസിനസിലും ലാഭനഷ്ടങ്ങള്‍ സ്വാഭാവികമാണ്. ലാഭത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നവര്‍ നഷ്ടമുണ്ടാവുമ്പോള്‍ മറ്റുള്ളവരുടെ മേല്‍ പഴി ചാരാന്‍ ശ്രമിക്കരുത്". കോടതിയിലെ കേസ് തന്നെ ഭയപ്പെടുത്താനുള്ള നീക്കമായാണ് വിലയിരുത്തുന്നതെന്നും അത് സാധിക്കില്ലെന്നും അനില്‍ സുങ്കര പറയുന്നു. "ഭയപ്പെടുത്താനാണ് ഉദ്ദേശമെങ്കില്‍ അത് നടക്കില്ല. നിയമ പോരാട്ടത്തില്‍ നിന്ന് ഞാന്‍ പിന്‍മാറുകയുമില്ല", അനില്‍ സുങ്കര പറയുന്നു.

അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് എപ്പോഴെന്ന ചോദ്യം ആസ്വാദകര്‍ സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്താറുണ്ട്. വിതരണക്കാരനും നിര്‍മ്മാതാവിനുമിടയിലുള്ള തര്‍ക്കം പരിഹരിക്കപ്പെടാത്ത കാലത്തോളം ഏജന്‍റ് ഒടിടിയില്‍ എത്തില്ല.

ALSO READ : ഇത് മോളിവുഡിന്‍റെ 'ബാര്‍ബെന്‍ഹെയ്‍മെര്‍'? ബോക്സ് ഓഫീസില്‍ ഇന്ന് 'ബിഗ് ഡേ'; അത്ഭുതത്തിന് കാതോര്‍ത്ത് സിനിമാലോകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം