ആരാധകരുടെ കാത്തിരിപ്പിന് അവസാനം, ആ മമ്മൂട്ടി ചിത്രത്തിന് ഒടിടി റിലീസ്, തീയതി പ്രഖ്യാപിച്ചു
തിയറ്ററുകളില്‍ വലിയ റണ്‍ ലഭിക്കാതിരുന്ന ചിത്രം പക്ഷേ ഒടിടിയില്‍ കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ ഉണ്ടായിരുന്നു

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിച്ച ചിത്രമായിരുന്നു ഏജന്‍റ്. അഖില്‍ അക്കിനേനിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തിയത് ഈ വര്‍ഷം ഏപ്രില്‍ 28 ന് ആയിരുന്നു. ആക്ഷന്‍ സ്പൈ വിഭാഗത്തില്‍ പെട്ട ചിത്രം വലിയ ഹൈപ്പോടെയാണ് എത്തിയത്. എന്നാല്‍ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു ചിത്രം. തിയറ്ററുകളില്‍ വലിയ റണ്‍ ലഭിക്കാതിരുന്ന ചിത്രം പക്ഷേ ഒടിടിയില്‍ കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ ഉണ്ടായിരുന്നു. ഒടിടി റിലീസ് നീണ്ടുപോകുന്നതിനെക്കുറിച്ച് അഖില്‍ അക്കിനേനി ആരാധകര്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇപ്പോഴിതാ അഞ്ച് മാസത്തിനൊടുവില്‍ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.
പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സെപ്റ്റംബര്‍ 29 ന് സ്ട്രീമിംഗ് ആരംഭിക്കും. മമ്മൂട്ടിയുടെ പുതിയ മലയാളം തിയറ്റര്‍ റിലീസ് കണ്ണൂര്‍ സ്ക്വാഡ് തിയറ്ററുകളിലെത്തുന്നതിന്‍റെ തൊട്ട് പിറ്റേദിവസമാണ് ഏജന്‍റിന്റെ ഒടിടി റിലീസ് എന്നതും കൌതുകമാണ്.
ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അനില്‍ സുങ്കരയും സോണി ലിവും തമ്മിലുള്ള സാമ്പത്തിക വിഷയമാണ് ഒടിടി റിലീസ് നീളാന്‍ കാരണമെന്ന് നേരത്തെ പ്രചരണം നടന്നിരുന്നു. ഇതിന് പിന്നാലെ തന്‍റെ ഭാഗം വിശദീകരിച്ച് നിര്‍മ്മാതാവും രംഗത്തെത്തിയിരുന്നു. പ്രചരണങ്ങള്‍ ശരിയല്ലെന്നും തന്‍റെ ഭാഗത്തുനിന്ന് ഒടിടി റിലീസിന് തടസങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു- ഒടിടിക്ക് വേണ്ടി ചിത്രം റീ എഡിറ്റ് ചെയ്യുന്നുവെന്ന പ്രചരണവും തെറ്റാണ്. ഒടിടി സ്ട്രീമിംഗിനുവേണ്ടി ചിത്രം പൂര്‍ണ്ണമായും തയ്യാറാണ്. എന്തുകൊണ്ട് വൈകുന്നുവെന്നത് സോണി ലിവിന് മാത്രമേ അറിയൂ, നിര്‍മ്മാതാവ് പറഞ്ഞിരുന്നു. അതേസമയം വൈകിയാണെങ്കിലും ചിത്രം ഒടിടിയില്‍ എത്തുന്നതിന്‍റെ സന്തോഷത്തിലാണ് അഖില്‍ അക്കിനേനി ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം