എം.ടി. വാസുദേവൻ നായരുടെ സ്വപ്നപദ്ധതിയായ 'രണ്ടാമൂഴം' സിനിമയാകുന്നു. 2026-ൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഋഷഭ് ഷെട്ടി സംവിധായകനാകുമെന്നാണ് സൂചന.

എംടിയുടെ സ്വപ്ന സിനിമയായ 'രണ്ടാമൂഴം' യാഥാർഥ്യമാവുന്നു. 2026 ൽ രണ്ടാമൂഴത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് എംടിയുടെ മകൾ അശ്വതി അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനായി ഋഷഭ് ഷെട്ടി എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന. എംടിയുടെ താല്പര്യ പ്രകാരം രണ്ട ഭാഗങ്ങളായി ആവും ചിത്രമൊരുക്കുക എന്നും പറയപ്പെടുന്നു. നേരത്തെ മണി രത്നം സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ, എന്നാൽ സമയപരിമിതി മൂലം മണിരത്നം പിന്മാറിയെന്നും, അദ്ദേഹം തന്നെയാണ് ഋഷഭ് ഷെട്ടിയുടെ പേര് നിർദ്ദേശിച്ചതെന്നും പറയപ്പെടുന്നു.

കഴിഞ്ഞ രണ്ട് വർഷമായി താൻ അതിന്റെ പിന്നാലെയാണെന്നും, വലിയ പ്രൊഡക്ഷൻ ഹൗസും, വളരെ കേപ്പബിൾ ആയി ആ സിനിമ ചെയ്യാൻ കഴിയുന്ന ഒരു ടീം ആണ് ചത്രത്തിന്റെ പിന്നിലെന്നും അശ്വതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. "കഴിഞ്ഞ രണ്ട് വർഷമായി ഞാൻ അതിന്റെ പിന്നാലെ തന്നെയാണ്. ഒരു വലിയ ടീം ആണ്. ടീം ബിൽഡിങ് ഒക്കെ ഏകദേശം ആയികഴിഞ്ഞു. വലിയ പ്രൊഡക്ഷൻ ഹൗസും,വളരെ കേപ്പബിൾ ആയിട്ട് ആ സിനിമ ചെയ്യാൻ കഴിയുന്ന ഒരു ടീം തന്നെയാണ്. അതുകൊണ്ട് തന്നെ അതിനെ ഒരു ഗ്ലോബൽ ഫിലിം ആയി തന്നെ ലോഞ്ച് ചെയ്യണം എന്നാണ് ആഗ്രഹം. അതുകൊണ്ടാണ് കുറച്ച് വൈകുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്കെ ആയിട്ട് അത് ഔദ്യോഗികമായി ലോഞ്ച് ചെയ്യണം എന്നുള്ളതാണ് നമ്മുടെ ആഗ്രഹം. 2026 ൽ എന്തായാലും പ്രതീക്ഷിക്കാം." അശ്വതി പറഞ്ഞു.

മഹാഭാരതകഥ തന്നെയാണ് രണ്ടാമൂഴത്തിന്റെ കഥയും. എങ്കിലും അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളും നോവലിൽ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു