Asianet News MalayalamAsianet News Malayalam

'അവരും മനുഷ്യരാണ്'; ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ അഹാന

ഈ സാഹചര്യത്തിൽ ലോകം മുഴുവൻ പ്രതീക്ഷ അർപ്പിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരിലാണാണെന്നും ഡോക്ടര്‍മാരും മനുഷ്യരാണെന്നും അഹാന പറയുന്നു. 

ahaana krishna post about health workers
Author
Kochi, First Published Jun 4, 2021, 4:05 PM IST

രാജ്യത്ത് കൊവിഡ് രണ്ടാം തരം​ഗം ശക്തി പ്രാപിക്കുമ്പോൾ അതിനെതിരെ പടപൊരുതുകയാണ് ആരോ​ഗ്യപ്രവർത്തകരും പൊലീസുകാരും. പലപ്പോഴും രോ​ഗികൾ മരിക്കുമ്പോൾ സാധരണക്കാര്‍ കുറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകരെയാണ്. അത്തരത്തിലുള്ള ആക്രമണങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇതിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ.

ഈ സാഹചര്യത്തിൽ ലോകം മുഴുവൻ പ്രതീക്ഷ അർപ്പിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരിലാണാണെന്നും ഡോക്ടര്‍മാരും മനുഷ്യരാണെന്നും അഹാന പറയുന്നു. അവര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കണമെന്നും അഹാന ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

അഹാനയുടെ വാക്കുകള്‍

ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ഡോക്ടര്‍മാരെയും നഴ്‌സ്മാരെയും കണ്ടിട്ടുണ്ട്. അവരാണ് ദൈവത്തോട് അടുത്ത് നില്‍ക്കുന്ന വ്യക്തികളായി ഞാന്‍ കണ്ടിട്ടുള്ളത്. രാജ്യത്തെ പല ഭാഗങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നു എന്നത് വിശ്വസിക്കാനും സഹിക്കാനും കഴിയുന്നില്ല. കൊവിഡ് എന്ന മഹാമാരിക്കെതിരെ രാപ്പകൽ ഇല്ലാതെ പൊരുതുന്നവരാണ് അവര്‍. സ്വന്തം ആരോഗ്യം നോക്കാതെ നല്ല നാളെക്കായി അവര്‍ പരിശ്രമിക്കുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ നിങ്ങള്‍ താമസിക്കുന്ന ഇടത്തില്‍ നിന്നും വളരെ ദൂരെയായിരിക്കാം നടന്നത്. എന്നാൽ ഇത്തരം ആക്രമണങ്ങള്‍ അവിടെ നടക്കാമെങ്കില്‍ നിങ്ങളുടെ സ്ഥലത്തും നടക്കാനുള്ള സാധ്യതയുണ്ട്. ഒരു പക്ഷേ അത് നിങ്ങളുടെ കുടുംബത്തിലെ ഒരു ഡോക്ടര്‍ക്കാവാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് എതിരെ തന്നെ ആവാം. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഒരിക്കലും ഡോക്ടര്‍മാര്‍ക്ക് എതിരെയല്ല. മറിച്ച് മനുഷ്യരാശിക്കെതിരെ തന്നെയാണ്. കാരണം ഡോക്ടര്‍മാരില്ലാതെ മനുഷ്യരാശിയുണ്ടാവില്ല, നാളെയും ഉണ്ടാവില്ല.

ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിക്കണം. കാരണം ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നത് അത് എന്ത് കാര്യത്തിന്റെ പേരിലാണെങ്കിലും ശരിയല്ല. കാരണം നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാത്തിലും ഉപരി ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കൂ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios