സമൂഹമാധ്യമങ്ങള്‍ വഴി സൈബര്‍ അതിക്രമം നടത്തുന്നവരെക്കുറിച്ച് തന്‍റെ കാഴ്‍ചപ്പാട് പങ്കുവച്ച് നടി അഹാന കൃഷ്‍ണ. ഇത് വലിയൊരു വിഷയമാണെന്നും സൈബര്‍ അതിക്രമികളോടുള്ള മനോഭാവം മാറേണ്ട സമയമായെന്നും അഹാന പറയുന്നു. "സൈബര്‍ അതിക്രമം ഒരു അസുഖമാണെന്നും തീരെ വയ്യാത്ത ആളുകളാണ് അത് ചെയ്യുന്നതെന്നും മനസിലാക്കുക. അങ്ങനെ അവരെ കണ്ടുതുടങ്ങിയാല്‍ പതുക്കെ പതുക്കെ ഒരുകൂട്ടം കോമാളികള്‍ പിച്ചും പേയും പറയുന്നതാണെന്നുള്ള പൊതു കാഴ്‍ചപ്പാട് ഇതേക്കുറിച്ച് വരും", അഹാന പറയുന്നു. തന്‍റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെയാണ് അഹാനയുടെ പ്രതികരണം. വീഡിയോയ്ക്കൊടുവില്‍ താന്‍ എഴുതിയ 'സൈബര്‍ അതിക്രമികള്‍ക്കുള്ള പ്രണയലേഖന'വും അഹാന വായിക്കുന്നുണ്ട്. യുട്യൂബിന്‍റെ ട്രെന്‍റിംഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട് ഈ വീഡിയോ. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത, മനസാക്ഷിയില്ലാത്ത എല്ലാ സൈബര്‍ അതിക്രമികള്‍ക്കും സമര്‍പ്പിക്കുന്നു എന്നു പറഞ്ഞാണ് അഹാന വീഡിയോ തുടങ്ങുന്നത്. 

സൈബര്‍ അതിക്രമത്തെക്കുറിച്ച് അഹാന പറയുന്നത്

"മാസ്കോ സാനിറ്റെസറോ ഇനിയും നമ്മള്‍ ഉപയോഗിക്കാത്ത ഒരു മഹാമാരിയാണ് സൈബര്‍ അതിക്രമം. സൈബര്‍ അതിക്രമങ്ങള്‍ പല തരമുണ്ടെങ്കിലും ഞാനിന്ന് സംസാരിക്കാന്‍ പോകുന്നത് Flaming എന്ന അതിക്രമത്തെക്കുറിച്ചാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഒരാള്‍ വന്ന് നമ്മളെക്കുറിച്ച് വളരെ മോശമായും തീരെ ബഹുമാനമില്ലാതെയും ചിലത് എഴുതുന്നതിനെയാണ് ഫ്ലെയിമിംഗ് എന്ന് പറയുന്നത്. 

ഞാനൊരു അഭിപ്രായം പറയുന്നു. അതിനോട് എതിരഭിപ്രായമുള്ളവര്‍ മാന്യമായ ഭാഷയില്‍ അത് പറയുന്നു. അതിനെ കുറച്ചുപേര്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് സൈബര്‍ അതിക്രമമല്ല. അത് വ്യക്തികള്‍ക്കോ കൂട്ടങ്ങള്‍ക്കോ ഇടയില്‍ സംഭവിക്കുന്ന സംവാദമാണ്. 

പക്ഷേ ഈ സാഹചര്യം വ്യക്തികളെ 'പൊങ്കാലയിടാനായി' ഉപയോഗിക്കുന്ന ആളുകള്‍ ഉണ്ട്. അവര്‍ ചിലപ്പോള്‍ എന്നെ തെറി വിളിക്കും, ലൈംഗികാധിക്ഷേപം നടത്തും. എന്‍റെ വീട്ടുകാരെക്കുറിച്ച് മ്ലേച്ഛമായ ഭാഷയില്‍ കമന്‍റുകള്‍ ഇടും. ഇതാണ് ഒരു തരത്തിലുള്ള സൈബര്‍ അതിക്രമം. നമ്മളെ ചുറ്റിപ്പറ്റി എന്തെങ്കിലും തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാവുമ്പോഴാണ് ഇത്തരത്തിലുള്ള അതിക്രമം നടക്കുന്നത്. ഇനി ഇതല്ലാതെ എനിക്കിഷ്‍ടമുള്ള വസ്ത്രം ധരിച്ച് ഒരു ഫോട്ടോ പോസ്റ്റ് ചെയ്‍താല്‍ പോലും ചിലപ്പോള്‍ മോശം കമന്‍റുകളുമായി എത്തുന്ന ആളുകളുണ്ട്. അത്തരത്തിലുള്ള അതിക്രമങ്ങള്‍ നേരിടുന്നത് സെലിബ്രിറ്റികള്‍ മാത്രമല്ല, സാധാരണക്കാരായ മനുഷ്യര്‍ക്കു നേരെയും ഉണ്ടാവാറുണ്ട്.

സൈബര്‍ അതിക്രമം നടത്തുന്ന ആരുടെയും മനോഭാവം മാറ്റാന്‍ വേണ്ടിയല്ല ഞാനീ വീഡിയോ ചെയ്യുന്നത്. മറിച്ച് സൈബര്‍ അതിക്രമത്തെ നേരിടേണ്ടിവരുന്നവര്‍ക്ക് അതിനെ മറ്റൊരു രീതിയിലും കാണാമെന്ന് ഓര്‍മ്മിപ്പിക്കാനാണ്. സൈബര്‍ അതിക്രമം ഒരു അസുഖമാണെന്നും തീരെ വയ്യാത്ത ആളുകളാണ് അത് ചെയ്യുന്നതെന്നും മനസിലാക്കുക. അങ്ങനെ അവരെ കണ്ടുതുടങ്ങിയാല്‍ പതുക്കെ പതുക്കെ ഒരുകൂട്ടം കോമാളികള്‍ പിച്ചും പേയും പറയുന്നതാണെന്നുള്ള പൊതു കാഴ്‍ചപ്പാട് ഇതേക്കുറിച്ച് വരും. നിങ്ങള്‍ സൈബര്‍ അതിക്രമത്തിന് 'ഇരയായ' ആളാണെങ്കില്‍ നിങ്ങള്‍ ശരിക്കും ഇരയല്ല എന്നതാണ് മനസിലാക്കേണ്ടത്. അതിനെ ഒരു തമാശയായി കാണാനാവണം." ഈ ലോകത്ത് ഏറ്റവും എളുപ്പത്തില്‍ റിക്രൂട്ട് ചെയ്യപ്പെടാവുന്ന സൈന്യം സൈബര്‍ അതിക്രമികളുടേതാണ് എന്ന് അടുത്തകാലത്ത് തനിക്ക് മനസിലായെന്നും അഹാന പറയുന്നു

തിരുവനന്തപുരത്ത് രണ്ടാഴ്‍ചകള്‍ മുന്‍പ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് നടി അഹാന കൃഷ്‍ണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍ത ഒരു സ്റ്റോറി വിമര്‍ശിക്കപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് വെളിച്ചത്തു വന്നതിനു പിന്നാലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനെ സംശയദൃഷ്ടിയോടെ നോക്കുന്ന തരത്തിലുള്ളതായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഈ പോസ്റ്റില്‍ വിയോജിപ്പറിയിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ചിലര്‍ മാന്യമായ ഭാഷയില്‍ വിമര്‍ശനം നടത്തിയപ്പോള്‍ ഒരു വിഭാഗം ഇതിനെ സൈബര്‍ അതിക്രമത്തിനുള്ള കാരണമാക്കുകയായിരുന്നു.