'സ്വന്തം ഫോട്ടോ പോലും ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ ധൈര്യമില്ലാത്ത ചേട്ടന്‍ എന്‍റെ ഭര്‍ത്താവിന്‍റെ സൗന്ദര്യത്തെക്കുറിച്ചുള്ള ധാരണയും കണ്ടെത്തലും കൊണ്ടുപോയി കുഴിച്ച് മൂട്'

കൊച്ചി: ചലച്ചിത്ര താരങ്ങളും കായിക താരങ്ങളുമടക്കമുളളവരെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്. മനോഹരമായ ചിത്രങ്ങളും അനുഭവങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന കാര്യത്തില്‍ എല്ലാവരും ശ്രദ്ധ ചെലുത്താറുണ്ട്. ഇത്തരം പോസ്റ്റുകളുടെ താഴെ മോശം കമന്‍റിടുന്നവര്‍ ചിലപ്പോഴെങ്കിലും രസംകൊല്ലികളാകാറുണ്ട്. അത്തരത്തില്‍ മോശം അനുഭവം നേരിടേണ്ടിവന്നിരിക്കുകയാണ് നടി ഐമ സെബാസ്റ്റ്യനും. എന്നാല്‍ മോശം കമന്‍റിട്ടയാള്‍ക്ക് കലക്കന്‍ മറുപടി നല്‍കാന്‍ ഒരു മടിയും കാട്ടിയില്ല ഐമ.

ഏറ്റവും ഒടിവിലായി ഇന്‍സ്റ്റഗ്രാമില്‍ ഐമ പങ്കുവച്ച ചിത്രത്തിന് താഴെയാണ് ഭര്‍ത്താവിനെതിരെ മോശം കമന്‍റ് പ്രത്യക്ഷപ്പെട്ടത്. ചേച്ചിയുടെ ഭര്‍ത്താവിനെ കാണാന്‍ ഭയങ്കര ബോറ് ലുക്കാണെന്ന കമന്‍റാണ് ഒരാള്‍ ഇട്ടത്. അര്‍ജുന്‍ എന്ന പേരുള്ള അക്കൗണ്ടില്‍ നിന്നാണ് കമന്‍റ് വന്നത്. ഇത് ശ്രദ്ധയില്‍ പെട്ട ഐമ ഉശിരന്‍ മറുപടി തന്നെ നല്‍കി.

'സ്വന്തം ഫോട്ടോ പോലും ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ ധൈര്യമില്ലാത്ത ചേട്ടന്‍ എന്‍റെ ഭര്‍ത്താവിന്‍റെ സൗന്ദര്യത്തെക്കുറിച്ചുള്ള ധാരണയും കണ്ടെത്തലും കൊണ്ടുപോയി കുഴിച്ച് മൂട്' എന്നായിരുന്നു നടിയുടെ മറുപടി. ഐമയുടെ മറുപടി വന്നതോടെ നിരവധിപേര്‍ അര്‍ജുനനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

View post on Instagram