ഇന്ന് തെന്നിന്ത്യയിലെ മിന്നും താരമാണ് ഐശ്വര്യ രാജേഷ്. കാക്ക മുട്ടൈ സിനിമയിലൂടെയാണ് ഐശ്വര്യ രാജേഷ് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. ചിത്രത്തിന് ഇന്നും ഒട്ടേറെ പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ സിനിമയുടെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്. 2015ല്‍ റിലീസ് ചെയ്‍ത ചിത്രം അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ഐശ്വര്യ രാജേഷ്.

സിനിമയില്‍ നിന്നുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ടാണ് ഐശ്വര്യ രാജേഷ് സിനിമയുടെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നത്. തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന സിനിമയാണ്. സംവിധായകൻ മണികണ്ഠൻ നന്ദി പറയുന്നുവെന്ന് ഐശ്വര്യ രാജേഷ് എഴുതുന്നു. രണ്ട് കുട്ടികളുടെ അമ്മയായിട്ടാണ് ഐശ്വര്യ രാജേഷ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുതായി തുറന്ന കടയില്‍ നിന്ന് പിസ കഴിക്കണമെന്ന് ആഗ്രഹിക്കുന്ന കുട്ടികളുടെ കഥയാണ് ചിത്രം  പറയുന്നത്. ടൊറന്റോ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലടക്കം പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടിയ ശേഷമായിരുന്നു ചിത്രം റിലീസ് ചെയ്‍തിരുന്നത്. ഛായാഗ്രാഹകൻ കൂടിയായ മണികണ്ഠനാണ് ചിത്രം സംവിധാനം ചെയ്‍തത്.