അർജുൻ അശോകൻ നായകനാവുന്ന 'ചത്താ പച്ച' എന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി അതിഥിതാരമായി എത്തുന്നുണ്ട്
മമ്മൂട്ടിയുടെ അവസാന റിലീസ് കളങ്കാവലിന് ഒടിടിയിലും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഏതാനും ദിവസം മുന്‍പായിരുന്നു ചിത്രത്തിന്‍റെ സ്ട്രീമിംഗിന് തുടക്കമായത്. മമ്മൂട്ടിയെ ഇനി ബിഗ് സ്ക്രീനില്‍ എത്തുന്ന ചിത്രത്തില്‍ അദ്ദേഹം നായകനല്ല. മറിച്ച് അതിഥിതാരമായാണ് അദ്ദേഹം എത്തുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചത്താ പച്ച എന്ന ചിത്രമാണ് അത്. കഴിഞ്ഞ ദിവസം പുറത്തെത്തിയ ട്രെയ്ലര്‍ ഒരു പഞ്ച് ഡയലോഗോടെയാണ് അവസാനിക്കുന്നത്. വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെ പരാമര്‍ശിക്കുന്ന ഡയലോഗ് ആണ് അത്. വാള്‍ട്ടര്‍ മമ്മൂട്ടിയാണെന്ന് അണിയറക്കാര്‍ പറഞ്ഞിട്ടില്ലെങ്കിലും അത് അങ്ങനെ ആയിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ഇന്നലെ ദുബൈയിലെ ഒരു വേദിയിലെ മമ്മൂട്ടിയുടെ പ്രതികരണവും ശ്രദ്ധ നേടുകയാണ്.
ദുബൈയിലെ വേദി
വ്യവസായിയായ പോളണ്ട് മൂസയുടെ ഫ്രാഗ്രന്‍സ് വേള്‍ഡ് 150 ല്‍ ഏറെ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിന്‍റെ ആഘോഷ പരിപാടിയിലാണ് മമ്മൂട്ടി പങ്കെടുത്തത്. വേദിയില്‍ അവതാരകയായിരുന്ന രഞ്ജിനി ഹരിദാസ് ആണ് മമ്മൂട്ടിയോട് ചത്താ പച്ചയെക്കുറിച്ച് സൂചിപ്പിച്ചത്. വാള്‍ട്ടറിന്‍റെ കുറച്ച് പിള്ളേര് അവിടെ കൊച്ചിയില്‍ ഇറങ്ങുന്നുണ്ടെന്ന് കേട്ടു എന്നായിരുന്നു രഞ്ജിനിയുടെ ചോദ്യം. അതിന് ഉടന്‍ വന്നു മമ്മൂട്ടിയുടെ മറുപടി. അത് മട്ടാഞ്ചേരിയിലെ പിള്ളേരല്ലേ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. 22-ാം തീയതിയാ, ചത്താ പച്ച, എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്യു ഡബ്യു ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ് ചത്താ പച്ച - റിംഗ് ഓഫ് റൗഡീസ്. റീൽ വേൾഡ് എന്റർടെയ്ന്‍മെന്‍റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടെയ്ന്‍മെന്‍റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ് ആണ്.



