സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിനു ശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും

മലയാളത്തിലെ ക്രിസ്‍മസ് റിലീസുകളില്‍ ശ്രദ്ധ നേടാന്‍ പോകുന്ന ചിത്രങ്ങളില്‍ ഒന്നാണ് ടിനു പാപ്പച്ചന്‍ (Tinu Pappachan) സംവിധാനം ചെയ്‍തിരിക്കുന്ന 'അജഗജാന്തരം' (Ajagajantharam). സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിനു ശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒന്നിക്കുന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കേഷന്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 2 മിനിറ്റ് ആണ് ആകെ ദൈര്‍ഘ്യം.

ഒരു ക്ഷേത്രോത്സവം പശ്ചാത്തലമാക്കുന്ന കളര്‍ഫുള്‍ എന്‍റര്‍ടെയ്‍നര്‍ ആണ് ചിത്രം. ഒരു ഉത്സവ പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അവിടെ നടക്കുന്ന സംഭവങ്ങളുമാണ് നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ ടിനു പാപ്പച്ചന്‍ അവതരിപ്പിക്കുന്നത്. ആന്‍റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തില്‍ അർജുൻ അശോകന്‍, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബുമോൻ അബ്‍ദുസമദ്, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

മെയ് 28ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ റിലീസ് നീണ്ടു. തിയറ്ററുകള്‍ തുറന്നതിനു ശേഷമുള്ള ആദ്യ റിലീസുകളില്‍ ഒന്നായി എത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും കുറുപ്പ്, മരക്കാര്‍ അടക്കമുള്ള വലിയ ചിത്രങ്ങള്‍ എത്തിയതോടെ ക്രിസ്‍മസ് സീസണിലേക്ക് നീട്ടുകയായിരുന്നു. സിൽവർ ബേ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവുമാണ്.